Powered By Blogger

Saturday, May 22, 2010

ജമ അത്തെ ഇസ്ലാമിയുടെ മുഖം മൂടികൾ അഴിച്ചുമാറ്റപ്പെടുംബോൾ..!

മുഖംമൂടികൾ സമർഥമായി ഉപയോഗിച്ച്‌ പതിറ്റാണ്ടുകൾ
കൊണ്ട്‌ പടുത്തുയർത്തിയ പ്രതിഛായ
വളരെ വേഗം കേരളീയപൊതുസമൂഹത്തിന് മുന്നിൽ
തകർന്നു വീഴുന്നതിന്റെ അന്ധാളിപ്പിലാണ്
ജമാ അത്തെ ഇസ്ലാമി ഇപ്പൊൾ.
നിലയില്ലാക്കയത്തിൽ അകപ്പെട്ടതുപോലെ പരിഭ്രാന്തിയിലായ
അവർ എല്ലാവരേയും വലിയ വായിൽ ചീത്ത വിളിച്ച്‌
സ്വയം സമാധാനിക്കാൻ ശ്രമിക്കുകയാണ്.
മുസ്ലിംലീഗും സി.പി.ഐ എമ്മും പരസ്യമായി ജമാ അത്തെയെ തള്ളിപ്പറഞു കഴിഞു.
മതരാഷ്ട്രവാദമാണ് ജമാഅത്തെയുടെ മുഖമുദ്ര എന്ന യാഥാർഥ്യം
കേരളീയ സമൂഹത്തിന് പകൽ വെളിച്ചം പോലെ ബോധ്യമായി.
മുഖമൂടികളും കപടതന്ത്രങളും വഴി ലക്ഷ്യത്തിലേക്ക്‌ അടുക്കാനുള്ള
ദീർഘകാലതന്ത്രം പൊതുസമൂഹം തിരിച്ചറിഞിരിക്കുന്നു.
സംഘപരിവാറിന്റേതുപോലെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും
പുറം തള്ളേണ്ടവരാണ് ജമാ അത്തെ ഇസ്ലാമി എന്ന വസ്തുത
പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. കേരളീയ മതബോധത്തിന്റേയും
വിവിധരാഷ്ട്രീയ പാർട്ടികളുടേ ഉത്തരവാദിത്വബോധത്തിന്റേയും
കേരളത്തിലെ സമാധാനകാംക്ഷികളായ ബഹുസ്വര സമൂഹത്തിന്റെയും
വിജയമായി പുതിയ സംഭവവികാസങളെ വിലയിരുത്താം.

ജമാ അത്തെ ഇസ്ലാമിയുടെ ആദർശങളേയും അതിന്റെ ലക്ഷ്യങളേയും
ആധാരമാക്കി പൊതുസമൂഹത്തിൽ സത്യസന്ധമായ
ഒരു ചർച്ച അവർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല .
നാട്ടുംബുറങളിലെ കവലകളിലും ചെറിയ ഓഡിറ്റോറിയങളീലും
ജമാ അത്തെ സംഘടിപ്പിക്കാറുള്ള ബഹുമതചർച്ചകളുടെ
മോക്ക്‌ഡ്രില്ലുകൾ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്‌.
ഇത്തരം മോക്ക്‌ഡ്രില്ലുകൾ തന്നെ അവരുടെ മുഖം മൂടികളിൽ ഒന്നാണ്.
ഇസ്ലാം,ക്രിസ്ത്യൻ,ഹിന്ദു മതപ്രതിനിധികൾ പങ്കുടുക്കുന്ന മതസംവാദങൾ
എന്ന പേരിൽ വ്യാപകമായ പ്രചരണം നൽകി സംഘടിപ്പിക്കുന്ന
ചർച്ചകളിൽ ഇസ്ലാം മതത്തെ പ്രതിനിധീകരിച്ച്‌ ജമാ അത്തെയുടെ
സംസ്ഥാനതല നേതാക്കൾ പങ്കെടുക്കുംബോൾ
ഇതര വിഭാഗളെ പ്രതിനിധീകരിച്ച്‌ എത്തുന്നത്‌ ഈർക്കിൽ നേതാക്കളാണ്.
തങൾക്കെതിരെ സംസാരിക്കില്ല എന്ന് ഉറപ്പുള്ളവരെ മാത്രമേ
ജമാ അത്തെ അതിന്റെ മത ചർച്ചകളിൽ പങ്കെടിപ്പിക്കാറുള്ളൂ.
അത്തരം ഒരു സംവാദത്തിന്റെ ഫലം മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരിക്കും.
പൊതുസമൂഹത്തിന് മുൻപാകെ സ്വന്തം കാതലിൽ സ്പർശിച്ചുകൊണ്ടുള്ള
ഒരു ചർച്ച ജമാ അത്തെ താൽ‌പ്പര്യപ്പെടുന്നില്ല.
യഥാർഥ സത്വം അകത്തളങളിൽ ഒളിപ്പിച്ച്‌ പൊളിഷ്‌ ചെയ്ത്‌
സുന്ദരമാക്കിയെടുത്ത മുഖമൂടികൾ അണിഞ്‌ അവർ പൊതുസമൂഹത്തിന്
മുൻപാകെ പ്രത്യക്ഷപ്പെടുന്നു.
മുഖംമൂടികൾ അഴിഞുവീഴുംബോൾ അല്ലെങ്കിൽ വലിച്ചു മാറ്റപ്പെടുംബോൾ
ബഹുജനമധ്യത്തിൽ ഉടുതുണി നഷ്ടപ്പെട്ടവന്റെ പരിഭ്രാന്തി
നേതാക്കളുടെ മുഖത്ത്‌ കാണുന്നതിന്റെ കാരണമിതാണ്.

ജനാധിപത്യത്തെ അംഗീകരിക്കുന്നുവെന്ന്‌ കേരളത്തിലെ
ജമാ അത്തെ നേതാക്കൾക്ക്‌ ഇപ്പോൾ പൊതുസമൂഹത്തിന് മുൻപാകെ
സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
അപ്പോൾ അവരുടെ അടിസ്ഥാന ആശയവും അത്യന്തികലക്ഷ്യവും ആയ
ഹുക്കുമത്തെ ഇലാഹിയെ അതായത്‌ ദൈവിക ഭരണത്തെ അവർ കൈവിട്ടോ..?
ദൈവം നേരിട്ട്‌ നൽകിയ ഖുറാനും ഹദീസുകളും ഉള്ളപ്പോൾ മനുഷ്യർ ഉണ്ടാക്കിയ
ഒരു നിയമങളും രാഷ്ട്രങളുടെ ഭരണഘടനകൾ ഉൾപ്പെടെ മുസ്ലിംങൾ അനുസരിക്കേണ്ടതില്ല.
അത്തരം അനുസരണം ദൈവനിഷേധമാകുന്നുവെന്നും അവർ വ്യാഖാനിക്കുന്നു.
മുസ്ലിങളെ മുസ്ലിങൾ മാത്രം ഭരിക്കാവൂ എന്നും ഇസ്ലാമികഭരണമില്ലാത്ത രാജ്യം
വാടകവീടാണെന്നുമാണ് ജമാ അത്തെ ഇസ്ലാമി സ്ഥാപകൻ അബൂൽ അലാ മദൂദി തന്റെ നിരവധി പുസ്തകങളിലൂടെ ആവർത്തിച്ച്‌ ആവർത്തിച്ച്‌ പറഞിരിക്കുന്നത്‌.

ഹുക്കുമത്തെ ഇലാഹി മാത്രമല്ല ജമാ അത്തെയുടേ മതരാഷ്ട്രവാദത്തേയും
കേരളത്തിലെ ജമാ അത്തെ അമീർ ഇപ്പോൾ തൽക്കാലം തള്ളിക്കളഞിരിക്കുകയാണ്.
പൊതുജനമധ്യത്തിൽ തൽക്കാലം പിടിച്ചു നിൽക്കാൻ പുതിയതും അനുയോജ്യമായതുമായ
മൃദുമുഖംമൂടികൾ അവർ അന്വേഷിക്കുന്നു.ഇസ്ലാമിക ഭരണം നിൽനിൽക്കുന്ന രാജ്യങൾ തങളുടെ കഴിവിന് അനുസരിച്ച് അയൽ രാജ്യങളേയും ആക്രമിച്ച്‌ ഇസ്ലാമികഭരണകൂടങൾ സ്ഥാപിക്കണം
എന്ന്‌ പറഞിരിക്കുന്നത്‌ മറ്റാരുമല്ല.ജമാ അത്തെ സ്ഥാപകൻ മദൂദി തന്നെയാണ്.
ജമാ അത്തെയുടെ അടിസ്ഥാനശിലകളാണ് മതരാഷ്ട്രവാദവും ദൈവികഭരണവും.
അവരുടെ പ്രസിദ്ധീകരണശാലയായ ഐ.പി.എച്ച്‌ പുറത്തിറക്കിയിട്ടുള്ള നിരവധി പുസ്തകങൾ
തന്നെ ഇതിന് തെളിവുകൾ നൽകുന്നു.
ഇപ്പോൾ പെട്ടെന്ന്‌ ഇരുമുന്നണികളും തള്ളിപ്പറഞതിനാൽ
ജമാ അത്തെ നേതാക്കൾ കേരളീയസമൂഹത്തിന് മുൻപാകെ അടവുനയങൾ പരീക്ഷിക്കുകയാണ്.
അതായത്‌ ഭാവിയിൽ പടികൾ കയറണമെങ്കിൽ ഇപ്പോൾ തൽക്കാലത്തേക്ക്‌ പടികൾ ഇറങുകയാണെന്ന്‌ ഭാവിക്കണം. അതാണ് നടന്നുകൊണ്ടിരിക്കുന്നത്‌.

ജമാഅത്തെ ഇസ്ലാമിയുടെ യഥാർഥ മുഖം അറിയണമെങ്കിൽ അവരുടെ ചരിത്രം അറിയണം.
അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ 1941ൽ ആണ് അബൂൽ അലാ മദൂദി
ജമാ അത്തെ ഇസ്ലാമി എന്ന പ്രസ്ഥാനം തുടങുന്നത്‌.
ഹൈദരാബാദിൽ ജനിച്ച്‌ വളർന്ന മദൂദിക്ക്‌ പിതാവിന്റെ മരണം നിമിത്തം
സെക്കണ്ടറീ സ്കൂൾ വിദ്യാഭ്യാസ കാലത്ത്‌ തന്നെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു.
പിന്നീട്‌ ഇസ്ലാമിക ദൈവശാ‍സ്ത്രം സ്വയം പഠിച്ചെടുത്ത അദ്ദേഹം അറബി ഇഗ്ലീഷ് ഭാഷകളിലും
പ്രാവീണ്യം നേടി.
ഉറുദു ഭാഷയിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന മദൂദി
ഇസ്ലാമിക പണ്ഡിതനായി മാറുകയായിരുന്നു.
കടുത്ത ദേശീയ രാഷ്ട്ര വാദവുമായി ജർമ്മനി,ഇറ്റലി എന്നീ രാജ്യങളിൽ അക്കാലത്ത്‌
വന്ന നാസിസവും ഫാസിസവും കമ്മ്യൂണിസ്റ്റ്‌ റഷ്യ അക്കാലത്ത്‌
വൻശക്തിയായി നിലകൊണ്ടതും മദൂദിയുടെ ചിന്താധാരകളെ സ്വാധീനിച്ചിട്ടുണ്ടെന്നും
ഇവയെല്ലാം അദ്ദേഹത്തിന്റെ ഇസ്ലാമിക ദർശനത്തിന്റെ അവിഭാജ്യഘടകമായി
മാറിയതായും വിമർശകർ വിലയിരുത്തുന്നുണ്ട്‌.

ഇന്ത്യൻ ദേശിയതയേയും സ്വാതന്ത്രസമരത്തേയും അനുകൂലിച്ചിരുന്ന
മുസ്ലിം പ്രസ്ഥാനങൾക്കെതിരെ നിശിതമായ വിമർശനമാണ് അക്കാലത്ത്‌ മദൂദി നടത്തിയത്‌.
ഇന്ത്യൻ ദേശീയതയെ പിന്തുണക്കുന്നത് മത സാംസ്‌കാരിക സ്വാംശീകരണത്തിന് ഇടയാക്കുമെന്നും
ഇത്‌ ഹിന്ദൂയിസത്തിലേക്ക്‌ നയിക്കുമെന്നും മദൂദി വാദിച്ചു.
അതോടൊപ്പം മതേതര കാഴ്ചപ്പാടുണ്ടായിരുന്ന മുഹമ്മദലി ജിന്നയുടെ
പാകിസ്ഥാൻ വാദത്തേയും മദൂദി എതിർത്തു.
പാകിസ്ഥാനെ പൂർണ്ണ ഇസ്ലാമിക രാജ്യമാക്കണമെന്നായിരുനു മദൂദിയുടെ ആവശ്യം.
ഇന്ത്യാ-പാക്‌ വിഭജന കാലത്ത്‌ പാകിസ്ഥാനിലേക്ക്‌ പോകാതെ അതിർത്തി
ജില്ലയായ ഗുരുദാസ്‌പൂരിൽ ദാറുൽ ഇസ്ലാം എന്ന പേരിൽ സ്വ്വയംഭരണ പ്രദേശം ഉണ്ടാക്കി
താവളമുറപ്പിക്കാൻ നോക്കിയെങ്കിലും ഗുരുദാസ്‌പൂർ ഇന്ത്യൻ അധീനതയിലാണെന്ന്‌
പ്രഖ്യാപനം ഉണ്ടാകുകയും ഇന്ത്യൻ സൈന്യം ഗുരുദാസ്‌ പൂർ പിടിച്ചെടുക്കുകയും ചെയ്തു.
മദൂദി പ്രാണരക്ഷാർഥം പാകിസ്ഥാനിലേക്ക്‌ ഓടിപ്പോകുകയായിരുന്നു.

പാകിസ്ഥാനിൽ എത്തിയ അദ്ദേഹം ശുദ്ധ ഇസ്ലാം സ്ഥാപനത്തിന്റെ പേരിൽ
അസ്വസ്ഥതകളും അരക്ഷിതാവസ്ഥയും ഉണ്ടാക്കാൻ പല തവണ ശ്രമിച്ചു.
1953 ൽ നടന്ന രക്തരൂക്ഷിതമായ അഹമ്മദീയ വിരുദ്ധ കലാപത്തിന് നേതൃത്വം
നൽകിയത്‌ മദൂദി ആയിരുന്നു.കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച പാകിസ്ഥാനിലെ
പട്ടാളകോടതി മദൂദിയെ വധശിക്ഷക്ക്‌ വിധിച്ചെങ്കിലും പിന്നീട്‌ വിട്ടയച്ചു.
അഹമദികൾകെതിരായ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാൻ
പാകിസ്ഥാൻ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന മുഹമ്മദ്‌ മുനീർ
അധ്യക്ഷനായ അന്വേഷണകോടതി സ്ഥാപിച്ചിരുന്നു.
മുനീർ കമ്മീഷൻ റിപ്പോർട്ട്‌ എന്ന പേരിൽ പ്രശസ്തമായ അന്വേഷണറിപ്പൊർട്ടിൽ
മദൂദിയടക്കമുള്ള മതനേതാക്കളുടെ ഭീകരവാദങൾ
അവരെ വിചാരണ ചെയ്ത്‌ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇപ്പോൾ അമേരിക്കൻ സ്വാമ്രാജ്യത്വത്തെ നിശിതമായി വിമർശിക്കുന്നുണ്ടെങ്കിലും
അമേരിക്കൻ പിന്തുണയോടെ പാകിസ്ഥാനിൽ സിയാ ഉൾ ഹക്കിന്റെ പട്ടാളഭരണകുടം
അധികാരമേറ്റതോടെയാണ് മദൂദിയും ജമാ അത്തെയും അവിടെ ശക്തിപ്രാപിക്കുന്നത്‌.
ശീതയുദ്ധകാലഘട്ടത്തിൽ തങളുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള പാകിസ്ഥാൻ
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആവാശ്യമായിരുന്നു.
ഈ ലക്ഷ്യത്തിനായി മദൂദിയുടെ തീവ്ര ഇസ്ലാം ആശയത്തെ അമേരിക്ക ഉപയോഗപ്പെടുത്തിയിട്ടുണ്ടാകണം.
താലിബാൻ അടക്കം അമേരിക്കക്ക്‌ ഇപ്പോൾ തലവേദനയായ ഭീകരസംഘടനകൾ
എല്ലാം സാമ്രാജ്യത്വതിന്റെ സൃഷ്ടിയാണെന്ന കാര്യം ഇതുമായി ചേർത്തു വായിക്കണം.
മദൂദി തന്റെ അവസാന കാലം ചിലവഴിച്ചതും അമേരിക്കയിലാണ്.
1979 സെപ്‌റ്റംബർ 22ന് അമേരിക്കയിൽ വച്ചാണ് മദൂദി അന്തരിച്ചത്‌.

പാകിസ്ഥാനിലെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥക്ക്‌
ഗണ്യമായ ഉത്തരവാദിത്വം ജമാ അത്തെക്ക്‌ ഉണ്ട്‌.
പാക്‌ മാധ്യമപ്രവർത്തകരും ചിന്തകന്മാരും ഇക്കാര്യങൾ തിരിച്ചറിഞ്‌ പ്രതികരിക്കുന്നുമുണ്ട്‌.
മുസ്ലിം തീവ്രവാദത്തിന്റെ പ്രചോദന കേന്ദ്രം എന്ന നിലയിൽ
ജമാ അത്തെ ഇസ്ലാമി ഇന്ത്യയിലേത്‌ പോലെ തന്നെ പാകിസ്ഥാനിലും വിമർശിക്കപ്പെടുന്നു.
കറാച്ചിയിൽ ഇപ്പോൾ നടക്കുന്ന വംശീയ കലാപങളിൽ വരെ
ജമാ അത്തെ ഇസ്ലാമിക്ക്‌ പങ്കുള്ളതായി മലയാള പത്രങളിൽ(22.5.10,മാതൃഭൂമി)
വരെ റീപ്പോർട്ടുകൾ വന്നിട്ടുണ്ട്‌.

സ്വാതന്ത്രലബ്ധിക്ക്‌ ശേഷം 1948ലാണ് ഇന്ത്യയിൽ ജമാ അത്തെ ഇസ്ലാമി വരുന്നത്‌.
ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌ എന്നാണ് ഇന്ത്യൻ പതിപ്പിന്റെ പേര്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റെതൊരു പ്രസ്ഥാനത്തിനും ഇല്ലാത്ത
പ്രത്യേകത ഇവർക്കുണ്ട്‌.
ജമാ അത്തെ ഇസ്ലാമി ഹിന്ദിന് ഇന്ത്യൻ സംസ്ഥാനമായ
ജമ്മുകാശ്മീരിൽ പ്രവർത്തനമില്ല.പകരം അവിടെ ജമാ അത്തെ ഇസ്ലാമി കാശ്മീർ
എന്ന പാക്‌ ജമാ അത്തെയുടെ പോഷകസംഘടന പോലെയുള്ള പ്രസ്ഥാനമാണുള്ളത്‌.
വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇവർക്ക്‌ സംഘ്‌ പരിവാറിലെ
ബജ്‌രംഗ്‌ ദളിന്റെത്‌ പോലെ ഹിസ്ബുൾ മുജാഹുദ്ദീൻ എന്ന അക്രമിസേനയുണ്ട്‌.
കാശ്മീമീരിൽ സംഘർഷം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട്‌
പത്രങളിൽ കാലങളായി കുപ്രസിദ്ധി നേടി വരികയാണ് ഇവർ.
ഇത്തരം വസ്തുതകൾ എത്രകാലം സ്വർണ്ണപാത്രങൾ കൊണ്ട്‌ മൂടിവക്കാൻ കഴിയും.

കേരളത്തിൽ പഞ്ചായത്ത്‌ തെരെഞെടുപ്പ്‌ മുന്നിൽ കണ്ട്‌ മുഖമൂടികൾ
അണിഞ്‌ ജനകീയ മുന്നണി എന്ന പേരിൽ മത്സരിക്കാനാണ് ജമാ അത്തെ ഇസ്ലാമി ഒരുങുന്നത്‌.
ഇരുമുന്നണികളും തള്ളി പറഞുവെങ്കിലും അവർ തങളുടെ ശ്രമം ഉപേക്ഷിച്ചിട്ടില്ല.
യു.ഡി.എഫിനെതിരായ വിമർശനം മയപ്പെടുത്തി മുസ്ലിം കാർഡിറക്കി
സി.പി.എമ്മിനെ രൂക്ഷമായി ആക്രമിക്കുകയാണ് ജമാ അത്തെ ഇപ്പോൾ ചെയ്യുന്നത്‌.
ഇനി യു.ഡി.എഫിന്റെ കാലമാണെന്ന്‌ അവർ കരുതുന്നു.
ഇത്രയും നാൾ യു.ഡി.എഫിനെതിരെയും കോൺഗ്രസ്സിനെതിരേയും പറഞു വന്നിരുന്ന
മൃദുഹിന്ദുത്വ ആരോപണം ഇപ്പോൾ സി.പി.എമ്മിനെ ലക്ഷ്യമാക്കി തിരിച്ചു വച്ചിരിക്കുന്നു.
യുഡീഫിനെയും മുസ്ലിം ലീഗിനേയും വളരേയേറെ പ്രതീക്ഷയൊടെയാണ്
ജമാ അത്തെ നേതാക്കൾ ഇപ്പോൾ നോക്കുന്നത്‌.
എല്ലാ ബന്ധവും അവസാനിപ്പിച്ചു എന്ന്‌ കുഞാലിക്കുട്ടി പറഞിട്ടും
അക്കാര്യം സമ്മതിക്കാൻ ജമാ അത്തെ തയ്യാറാകുന്നില്ല.
തങൾക്കിടയിൽ ഇത്തരം പിണക്കങൾ പതിവാണന്ന്‌ പറഞുകൊണ്ട്‌
ഒരു കൈത്താങിനായി അവർ ലീഗിനെ നോക്കിയിരിക്കുന്നു.

ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമർശനങൾ വർഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കും
എന്നാണ് അവരുടെ മറ്റൊരു തുരുപ്പ്‌ ചീട്ട്‌.
ഇത്‌ എക്കാലവും പ്രയോഗിച്ച്‌ പോന്ന ഒന്നാണ്.
ചെകുത്താൻ വേദമോതുന്നത്‌ പോലെ ഒരു ആരോപണം.
പാകിസ്ഥാനിലും ഇന്ത്യയിലും ബംഗ്ലാദേശിലും മതതീവ്രവാദത്തിന്റെ
വിത്തു മുളപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ്
വർഗ്ഗീയ ധ്രുവീകരണത്തെ പറ്റി പ്രസംഗിക്കുന്നത്‌.
മുസ്ലിങളിൽ ഒരു ചെറിയവിഭാഗത്തിന്റെ പോലും പിന്തുണ ഇല്ലാത്ത
ജമാ അത്തെക്കെതിരായ വിമർശനം ലോക മുസ്ലിങൾക്കെതിരായ
ആഗോള നീക്കത്തിന്റെ ഭാഗമാണെന്നാണ് അവർ എല്ലാക്കാലത്തെയും
പോലെ ഇപ്പോഴും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു.
ഇത്തരം നിലവിളികളിൽ മുസ്ലിം സമുദായവും കേരളസമൂഹവും വീഴില്ല.
കാരണം കള്ളനാണയങളെ തിരിച്ചറിയാൻ പൊതുജനങൾക്ക്‌ കഴിയുന്നു എന്നത്‌ തന്നെ.

16 comments:

SimhaValan said...

മുഖംമൂടികൾ സമർഥമായി ഉപയോഗിച്ച്‌ പതിറ്റാണ്ടുകൾ
കൊണ്ട്‌ പടുത്തുയർത്തിയ പ്രതിഛായ
വളരെ വേഗം കേരളീയപൊതുസമൂഹത്തിന് മുന്നിൽ
തകർന്നു വീഴുന്നതിന്റെ അന്ധാളിപ്പിലാണ്
ജമാ അത്തെ ഇസ്ലാമി ഇപ്പൊൾ.
നിലയില്ലാക്കയത്തിൽ അകപ്പെട്ടതുപോലെ പരിഭ്രാന്തിയിലായ
അവർ എല്ലാവരേയും വലിയ വായിൽ ചീത്ത വിളിച്ച്‌
സ്വയം സമാധാനിക്കാൻ ശ്രമിക്കുകയാണ്.

ഷെരീഫ് കൊട്ടാരക്കര said...

ഒരേഒരു സംശയം62 കൊല്ലമായി ജമാത്തുകാര്‍ക്കു ഭാരതീയ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു അവരുടെ മുഖം മൂടിയുമായി കഴിയാന്‍ സാധിച്ചിരുന്നുവോ. എങ്കില്‍ അതു ഒരു അസാധാരണ കഴിവു തന്നെ ആണു. അല്ലെങ്കില്‍ നമ്മള്‍ എല്ലാവരും വെറും കഴുതകളായിരിന്നിരികണം.ഈ ലേഖനം വരുന്നവരെ നമുക്കു അതു മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴും അതു മനസ്സിലാക്കാന്‍ സാധിക്കില്ലായിരുന്നു, അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നു പറഞ്ഞില്ലായിരുന്നു എങ്കില്‍.മുമ്പു തിരഞ്ഞെടുപ്പു അടുക്കുമ്പോള്‍ ജമാത്തിന്റെ കോഴിക്കോടു കേന്ദ്രത്തില്‍ തലയില്‍ മുണ്ടിട്ടു പോകുന്നവരെ കേരള സമൂഹം കണ്ടില്ലായിരുന്നുവല്ലോ.അപ്പോള്‍ ജമാത്തുകാര്‍ കുഴപ്പക്കാര്‍ അല്ലായിരുന്നു. പോസ്റ്റിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഇനം ആ ബജരംഗദള്‍ -ലക്ഷറെതയ്യിബ പ്രയോഗമാണു.ഹോ!ഇപ്പോഴെങ്കിലും ഇതു കണ്ടു പിടിച്ചല്ലോ.ഒരു പെറ്റി കേസ്സില്‍ പോലും പ്രതികളാകാത്ത ജമാത്തുകാര്‍ക്കു ഇങ്ങിനെയും ഒരു മുഖം മൂടി ഉണ്ടായിരുന്നോ? എന്നിട്ടും ഇവിടത്തെ പോലീസ്സുകാര്‍ക്കു ഇതു കണ്ടു പിടിക്കാന്‍ സാധിച്ചില്ല.അതിശയം തന്നെ. മാത്രമല്ല തൂക്കം ഒപ്പിക്കാനായി ജമാത്തുകാരെ നിരോധിച്ചതിനെതിരെ അവര്‍ പരമോന്നത കോടതിയെ സമീപിച്ചപ്പോള്‍ കോടതിവിധിയും അവര്‍ക്കു അനുകൂലമായിരുന്നു.അപ്പോഴും ഈ സത്യം ആര്‍ക്കും കണ്ടു പിടിക്കാന്‍ സാധിച്ചില്ല .ഈ ജമാത്തുകാര്‍ മിടുക്കന്മാര്‍ തന്നെ.ഈ ഭൂമി മലയാളത്തില്‍ നാനാജാതി മതസ്തര്‍ ഒരേസഹോദരരെപ്പോലെ കഴിയുന്ന ഈ പുണ്യ നാട്ടില്‍ ഇതര മതസ്തരുമായി സ്നേഹബന്ധം നിലനിര്‍ത്തുന്ന സേവനങ്ങള്‍ മതത്തിന്റെ കാഴ്ചപ്പാടു ഇല്ലാതെ മനുഷ്യത്വത്തിന്റെ കാഴപ്പാടില്‍ നല്‍കുന്ന മുസ്ലിം സംഘടനകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതു ജമാത്തുകാരാണെന്നു കൊല്ലം ജില്ലയിലെ സുനാമി ബാധിത പ്രദേശങ്ങളായ ആലപാട്ടുകാരും അയല്‍ ദേശക്കാരും പറയുന്നതു അവര്‍ക്കു ജമാത്തുകാരെ തിരിച്ചറിയാത്തതു കൊണ്ടായിരിക്കാം.പൊതുജനം എന്ന കഴുത എല്ലാം കണ്ണു തുറന്നു കാണുകയും ചെവി തുറന്നു കേള്‍ക്കുകയും ഉള്ള തലചോറു കൊണ്ടു ചിന്തിക്കുകയും ചെയുന്നുണ്ടു. അവര്‍ നാനാ വിധത്തിലുള്ള പത്രങ്ങള്‍ വായിക്കുന്നുണ്ടു. ജമാത്തിന്റെ പത്രം ഉള്‍പ്പടെ. റ്റി.വി. കാണുന്നുണ്ടു, വാര്‍ത്തകള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ടു. ജമാത്തു നേതാക്കളും മറ്റു രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെ ഉള്ളവരുടെ;ജനം ചിന്തിക്കും മനസ്സിലാക്കും തീരുമാനം എടുക്കും.ഇപ്പോള്‍ ഉണ്ടായ ഈ പുകിലിന്റെ പുറകില്‍ എന്താണെന്നു മനസ്സിലാക്കുകയും ചെയ്യും. ആരാണു ഇപോള്‍ ജമാത്തുകാരെ കാണാന്‍ പോയതു? അവരുടെ ഉദ്ദേശ ലക്ഷ്യം എന്തായിരുന്നു? അതിനെ തുടര്‍ന്നു സ്വന്തം കക്ഷികള്‍ പ്രതികരിച്ചതിനാല്‍എങ്ങിനെ മലക്കം മറിഞ്ഞു? ഈ രണ്ടു കൂട്ടരും സംഗമിച്ചതിനെ നിരീക്ഷിച്ചപ്പോള്‍ ഇടതു നേതാവിന്റെ തള്ളി പറയല്‍ എന്തു കൊണ്ടു ഉണ്ടായി? കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ നേതാവിനു ഉള്‍വിളി എന്തു കൊണ്ടു ഉണ്ടായില്ലാ? ഇതെല്ലാം ജനങ്ങള്‍ ചിന്തിക്കട്ടെ.അവര്‍ ചേന്ദമംഗല്ലൂരിന്റെയും കാരശ്ശേരിയുടെയും മാത്രുഭൂമിയുടെയും മാത്രം വായനക്കാരല്ലാല്ലോ/

SimhaValan said...

ശ്രീ ഷെരിഫ്‌ ചോദിക്കുന്നു.

"ഒരേഒരു സംശയം62 കൊല്ലമായി ജമാത്തുകാര്‍ക്കു ഭാരതീയ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു അവരുടെ മുഖം മൂടിയുമായി കഴിയാന്‍ സാധിച്ചിരുന്നുവോ."

സാധിച്ചിരുന്നില്ല.സാധിച്ചിരുന്നുവെങ്കിൽ ജമാ അത്തെ ഇസ്ലാമി മുസ്ലിം സമൂഹത്തിനുള്ളിൽ ഇതിനകം ഈ 62 വർഷക്കാലം കൊണ്ട്‌ ഗണ്യമായ ഒരു ശക്തിയായി മാറുമായിരുന്നു.അവരുടെ മുഖം മൂടികളെക്കുറിച്ച്‌ ഇതരമുസ്ലിം സംഘടനകൾക്ക്‌ അന്നും ഇന്നും നല്ല ബോധ്യമുണ്ട്‌.അവർ ഇക്കാര്യം നിരന്തരം സമുദായത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.അതുകൊണ്ട്‌ കൂടിയാണല്ലോ കെ.എം ഷാജിയും,എം.കെ മുനീറൂം,ഹമീദ്‌ ചേന്നമങലൂരും,കാരശ്ശേരിയും അടക്കമുള്ള മുസ്ലിങൾ ജമാ അത്തെയുടെ തനി നിറം പൊതുസമൂഹത്തിന് മുൻപാകെ തുറന്നു കാട്ടികൊണ്ടിരിക്കുന്നത്‌.

SimhaValan said...

ശ്രീ ഷെരീഫ്‌ പറയുന്നു
“ഇപ്പോഴും അതു മനസ്സിലാക്കാന്‍ സാധിക്കില്ലായിരുന്നു, അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്നു പറഞ്ഞില്ലായിരുന്നു എങ്കില്‍.“

ജമാ അത്തെയുടെ രാഷ്ട്രീയ പാർട്ടി പ്രവേശം ഒരു കൊല്ലം മുൻപെ പരസ്യമായി പ്രഖ്യാപിച്ചതാണ്.കിനാലൂർ സംഭവത്തിൽ സി.പി.എമ്മുമായി തെറ്റിയതാണ് ഇപ്പോഴത്തെ പെട്ടെന്നുള്ള പ്രശ്‌നങൾക്ക് കാരണം.ഇടതു മുന്നണി തള്ളിയപ്പോൾ തങൾക്കൊപ്പം വലതു മുന്നണിയുണ്ട്‌ എന്ന്‌ വരുത്തേണ്ടത്‌ ജമാ അത്തെയുടെ ആവശ്യ്യമായിരുന്നു.അതാണ് പാളിപോയത്‌

പള്ളിക്കുളം.. said...

കാശ്മീരിൽ ഡി.വൈ.എഫ്.ഐ എന്തു പേരിലാണ് അറിയപ്പെടുന്നത്?

പള്ളിക്കുളം.. said...

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ലക്ഷ്യം എന്താണ്? അത് ഇന്ത്യൻ ജനാധിപത്യവുമായി ഇണങ്ങുന്നതാണോ?

എന്തുകൊണ്ടാണ് നിലവിലുള്ള ഭരണവ്യവസ്ഥകൾ മനുഷ്യന് ഗുണകരമല്ലെന്നും തങ്ങളുടെ കയ്യിൽ അതിനേക്കാൾ മൂല്യവത്തായ ഒരു ഇസമുണ്ടെന്നും കമ്മ്യൂണിസ്റ്റുകൾ വാദിച്ചുകൊണ്ടിരിക്കുന്നത്?

അവർക്ക് അങ്ങനെ വാദിക്കുവാൻ ഇന്ത്യൻ ഭരണഘടന അനുവാദം നൽകുന്നുവെങ്കിൽ മറ്റൊരു മൂല്യാധിഷ്ഠിത വ്യവസ്ഥിതിക്കുവേണ്ടി വാദിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ വിലക്കണമെന്ന് വാശിപിടിക്കുന്നത് എന്തുകൊണ്ടാണ്?

"ആത്മീയ രാഷ്ട്രീയം" എന്നത് അത്ര മോശം കാര്യമാണോ, പ്രത്യേകിച്ചും നമ്മുടെ രാഷ്ട്രീയം ഒട്ടനവധി മൂല്യച്യുതികൾക്കും അഴിമതികൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ?

അനില്‍@ബ്ലൊഗ് said...

പബ്ലിഷ് ചെയ്തപ്പോള്‍ തന്നെ കണ്ടു.
കമന്റുകള്‍ നോക്കുകയായിരുന്നു, ഇനി എന്തായാലും ഒരു ട്രാക്ക് ആവാം.

ഷെരീഫ് കൊട്ടാരക്കര said...

താങ്കൾ പറഞ്ഞ പ്രകാരം ഇതര മുസ്ലിം സംഘടനകൾ ജമാത്തിന്റെ തനി നിറത്തെ പറ്റി അന്നു മുതൽ വെളിപ്പെടുത്തുന്നു എങ്കിൽ ജമാത്തു എന്ന സംഘടന ഇതിനുള്ളിൽ തീർത്തും ഇല്ലാതാകില്ലേ? അവർ തങ്ങളുടെ സാന്നിദ്ധ്യം പൂർവ്വോപരി പ്രത്യ്ക്ഷത്തിൽ കൊണ്ടു വരുമായിരുന്നോ? മാത്രമല്ല അവർ മുൻപിലത്തേക്കാളും ഇപ്പോൾ ശക്തരാവുകയും സി.പി.എം. പോലുള്ള സംഘടനയുടെ നേതാവു അവരെ പേരെടുത്തു പറഞ്ഞു എതിർക്കാൻ ആഹ്വാനം ചേയ്യേണ്ട അവസ്ഥ വരുമായിരുന്നോ? ആരും പുറകിൽ ഇല്ലാത്ത സംഘടന എന്നു പറയപ്പെടുന്ന ഈ പ്രസ്ഥാനത്തെ പറ്റി ചർച്ച ചെയ്യാൻ സമയം ചെലവഴിക്കുന്നതു എന്തിനു. ഞാൻ നടേ പറഞ്ഞതു പോലെ വലതും ഇടതും പാർട്ടികൾ തലയിൽ മുണ്ടിട്ടു അവരുടെ ആസ്ഥാനത്തു പോക്കുന്നതു എന്തിനു?അവരുടെ പിൻ തുണ ആവശ്യപ്പെടുന്നതും പിന്നെ അതു നിഷേധിക്കുന്നതും. അവരുടെ പി ൻ തുണ ചോദിച്ചതു തുറന്നു സമ്മതിച്ചതു ഒരൊറ്റ നേതവു മാത്രം.എം.പി.വീരേന്ദ്രകുമാർ.അദ്ദേഹം അതു തുറന്നു സമ്മതിച്ചു.
ഇപ്പോഴുള്ള ഈ കോലാഹത്തിനു കാരണം ജമാത്തു ആണെന്നു പറഞ്ഞാൽ പത്രങ്ങൾ വായിക്കുന്നവർ എല്ലാം വിഡ്ഢികളാണു എന്നു പറയുന്നതിനു തുല്യമാണു. ജമാത്തിനെ ലീഗു തിരക്കി ചെന്നോ അതോ ജമാത്തു ലീഗിനെ തിരക്കി ചെന്നോ?കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പലതവണ ലീഗുകാർ ചർച്ചക്കു ചെന്നു എന്നു ജമാത്തു അമീർ പത്ര സമ്മേളനത്തിൽ പറഞ്ഞിട്ടു ഒരു ലീഗു കാരനും നിഷേധിച്ചില്ലല്ലോ.അപ്പോൾ ആരാണു ജമാത്തിനെ തിരക്കി ചെന്ന്തു.അവർ തിരക്കിച്ചെന്നു. അണികളിൽ ഭിന്നത ഉണ്ടായതിനാൽ മലക്കം മറിഞ്ഞു.ജമാത്തുകാരുമായി ചർച്ചക്കു പോയതിനെ ഇങ്ങിനെ ന്യായീകരിച്ചു"ജമാത്ത്‌ രാഷ്ട്രീയത്തിൽ ഇറങ്ങുന്നുണ്ടോ എന്നു അന്വേഷിക്കാൻ പൊയതാത്രേ!കഷ്ട്ടം! .ഇതര സംഘടനകളുമായി ചേർന്നു പഞ്ചായത്തു തെരഞ്ഞെടുപ്പിൽ നിൽക്കാൻ ജമാത്തു അനുയായികൾക്കു ഇപ്പോൾ നിർദ്ദേശംനൽകി.ജമാത്തു ഇലക്ഷനിൽ നിൽക്കുന്നില്ലാ എന്നും അവർ പറഞ്ഞു.ഈ വിവരം കിട്ടിയാണു ലീഗുകാർ ജമാത്തുകാരെ വിളിച്ചതു.ഇതു നിരീക്ഷിച്ചു അപകടം മനസ്സിലാക്കിയ സി.പി.എം. നേതാവിനു അപ്പോഴാണു ഉൾവിളി ഉണ്ടായതു "ജമാത്തിനു ജനാധിപത്യമില്ല."പത്രം വായിക്കുന്നവർ കഴുതകളാണു എന്നാണു ഇവരെല്ലാം വിശ്വസിക്കുന്നതു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജമാത്തിന്റെ സഹായത്താൽ മലബാറിൽ ലീഗുകേന്ദ്രങ്ങൾ പിടിച്ചെടുത്തതുംചരിത്രത്തിലെ ഏറ്റവും വലിയ തോൾവി ലീഗുകാർക്കു സംഭവിച്ചതും;അന്നു ജമാത്തിന്റെ ജനാധിപത്യ വിശ്വസത്തെ പറ്റി സംശയം ഇല്ലായിരുന്നു.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും ജമാത്തിന്റെ ജനാധിപത്യ സ്വഭാവത്തെ പറ്റി സംശയം ഇടതു നേതാവിനു ഇല്ലായിരുന്നു.ഇപ്പോൾ ലീഗുമായി ജമാത്തു വല്ല അണ്ടർഗ്രൗണ്ടു പണി ഒപ്പിക്കുമോ എന്നു സംശയം വന്നപ്പോൾ ജമാത്തുകാർ ജനാധിപത്യ വിശ്വാസികൾ അല്ലാതായി.എന്നിട്ടു ഈ കോലാഹലമെല്ലാം ഉണ്ടാക്കി.സുപ്രീം കോടതി വിധിന്യായം വായിച്ചപ്പോൾ മനസ്സിയയതു, ജമാത്തിനു ഒരു ഭരണ ഘടന ഉണ്ടെന്നും അതു ഒരിക്കലും ഇന്ത്യൻ നിയമങ്ങൾക്കു എതിരല്ലാ എന്നുമണു.അന്നത്തെ ഭരണ ഘടന തന്നെ ഇപ്പോഴും ജമാത്തിനുള്ളതു. ഒരു മാറ്റവുമില്ല. അപ്പോൾ 62 കൊല്ലമായുള്ള ജമാത്തു തന്നെ ഇപ്പോഴും . പിന്നെ ഈ പുതിയ കോലാഹത്തിനു കാരണം ജനാധിപത്യാടിസ്ഥാനത്തിൽ ഒരു പഞ്ചായത്തു തെരഞ്ഞെടുപ്പു നടക്കാൻ പോകുന്നു;അതിൽ ജനാധിപത്യ രീതിയിൽ ജമാത്തുകാർ മൽസരിക്കാൻ പോകുന്നു എന്നതു മാത്രം.ഇത്രയും ചെറിയ സംഘടനയെ, മുസ്ലിമീങ്ങളിൽ തന്നെ ഒറ്റപ്പെട്ട ഈ സംഘടനയെ എന്തിനാണു ചങ്ങാതീ ഭയപ്പെടുന്നതു. ഇവിടം ജനം പ്രബുദ്ധമാണു.അവർക്കു തിരിച്ചറിവുണ്ടു. അവർ ശരിയായ വഴി കണ്ടു പിടിച്ചു കൊള്ളും. പിന്നെന്തിനു ഈ കോലാഹലങ്ങളൊക്കെ. ഈ കാടു ഇളക്കി വെടി വൈപ്പു പരിപാടി.
ഷാജിയുടെയും മുനീറിന്റെയും കൂടെപറഞ്ഞമറ്റേ രണ്ടു പേരു ആരൊക്കെയാണു?
ഹമീദു ചേന്ദ്മംഗല്ലൂരും കാരശ്ശെരിയുമോ? ഹ! അതു കലക്കി.ആദ്യം പറഞ്ഞ രണ്ടു പേരുടെ പേരിനോടൊപ്പം രണ്ടാമതു പറഞ്ഞ രണ്ടു പേരുടെ പേരു ചേർക്കാ ആദ്യം പറഞ്ഞരണ്ടു പേർ സമ്മതിക്കുമോ?

shahir chennamangallur said...

ജമാ‌അത്തെ ഇസ്‌ലാമിക്ക് മുഖം മുടി ഉള്ളത് കൊണ്ടായിരിക്കണം, മാസങ്ങള്‍ക്ക് മുന്നെ, നമ്മുടെ പാര്‍ട്ടി സെക്ക്രട്ടറി പിണറായി വിജയന്‍, ജമാ‌അത്ത് നിലാപാടുകളുള്ള പാര്‍ട്ടിയാണെന്ന് പ്രശംസിച്ചത്. അതിനു മുന്‍പ് പല തവണ പാര്‍ട്ടിക്കാര്‍ ജമാ‌അത്ത് പിന്തുണ തേടിയതും, കൂടിക്കാഴ്ചകള്‍ നടത്തിയതും. ഇപ്പോഴും പ്രാദേശിക തലത്തില്‍ പല മേഘലകളിലും സഹകരണം തേടുന്നതും ഒന്നിച്ചിരിക്കുന്നതും!!!
ജമാ‌അത്ത് വര്‍ഗീയ സംഘടനയാണെങ്കില്‍, അതിന്റെ കൂടെ സഹകരിച്ച എല്ലാ മാന്യ പാര്‍ട്ടി സഖാക്കളേയും സസ്പെന്റു ചെയ്തു കൈ കഴുകൂ സഖാവെ.. ആര്‍ എസ് എസിന്റെ പരിപാടി ഉല്‍ഘാടനം ചെയ്ത നേതാവിനെതിരെ നടപടിയെടുക്കാന്‍ ആര്‍ജവം കാണിച്ച പാര്‍ട്ടി, ജാതി സംഘടനകളില്‍ നേതൃത്തം നല്‍കുന്നതിനെ വിലക്കുന്ന പാര്‍ട്ടി, പാര്‍ട്ടി ഗ്രാമങ്ങളില്‍ ജാതി സംഘടനകള്‍ വളരുന്നതില്‍ കയ്യൂക്ക് കൊണ്ട് നേരിടുന്ന പാര്‍ട്ടി, ആ പാര്‍ട്ടിയുടേ സെക്രട്ടറിക്ക് ഇടക്കിടെ അക്കിടി പറ്റാന്‍ മാത്രം സ്വത്വം ഒളിപ്പിച്ചു വെക്കാന്‍ പാടവം നേടിയ സംഘടനയാണോ ഈ പറയപ്പെടുന്ന ജമാ‌അത്തെ ഇസ്‌ലാമി ?.

SimhaValan said...

പൊതു സമൂഹത്തിന് മുൻപാകെ സ്വന്തം കാതലിൽ സ്പർശിച്ചുകൊണ്ടുള്ള ഒരു ചർച്ച ജമാ അത്തെ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല എന്ന്‌ ഈ പോസ്റ്റിൽ എഴുതിയിട്ടുണ്ട്‌.
അക്കാര്യം നൂറുശതമാനം ശരിയാണെന്നാണ് ജമാ അത്തെ അനുകൂലികളുടെ കമന്റുകൾ തെളിയിക്കുന്നത്‌.
അവർ കാടും പടലും തല്ലുകയാണ്.വിഷയത്തിൽ നിന്നും മാറാനായി പതിവുപോലെ പല അടവുകളും പ്രയോഗിക്കുന്നു.
ശ്രീ പള്ളിക്കുളം
കാശ്മീരിൽ ഡി.വൈ.എഫ്‌.ഐ എന്തുപേരിൽ അറിയപ്പെടുന്നു,സി.പി.എമ്മി ന്റെ നയം അതൊന്നും എന്നെ ബാധിക്കുന്ന വിഷയങൾ അല്ല.ജമ അത്തെയുടെ യതാർഥ മുഖത്തെക്കുറിച്ച്‌ അറിയാവുന്ന കാര്യങൾ എഴുതി.അതെക്കുറിച്ച്‌ ഒന്നും പറയാനില്ലേ..?

ശ്രീ ഷെരീഫ്‌

“താങ്കൾ പറഞ്ഞ പ്രകാരം ഇതര മുസ്ലിം സംഘടനകൾ ജമാത്തിന്റെ തനി നിറത്തെ പറ്റി അന്നു മുതൽ വെളിപ്പെടുത്തുന്നു എങ്കിൽ ജമാത്തു എന്ന സംഘടന ഇതിനുള്ളിൽ തീർത്തും ഇല്ലാതാകില്ലേ?“

ഇല്ല..ഒരിക്കലുമില്ല..ഇതൊരു ഉദാഹരണമായി മത്രം എടുക്കുക. ലോകത്ത്‌ കള്ളവും ചതിയും വഞ്ചനയും തട്ടിപ്പും ആദിമനുഷ്യന്റെ കാലം മുതൽ തന്നെ ഉണ്ട്‌.
നിരവധി പ്രവാചകരും മഹത്‌വ്യക്തികളും എത്രകാലം ഇത്തരം അധമപ്രവർത്തികൾക്കെതിരെ സംസാരിക്കുന്നു.ഇപ്പോഴും സംസരിച്ചുകൊണ്ടിരിക്കുന്നു.
എന്നിട്ടും ഇവിടെ ഇതെല്ലാം ഉണ്ടല്ലൊ..?

ശ്രി അനിൽ

ട്രാക്കിങിന് നന്ദി

SimhaValan said...

ശ്രീ ഷഹീർ

നേരത്തെ സൂചിപ്പിച്ചതു പോലെ പിണറായി വിജയൻ ചെയ്തിട്ടുള്ള കാര്യങളെ ന്യായീകരിക്കുന്നില്ല എന്ന്‌ അറിയിക്കട്ടെ.

സന്ദേഹി-cinic said...

ഇടതായാലും വലതായാലും ജമാ-അത്തിനെ ഒഴിവാക്കുന്നതാന്‌ ബുദ്ധി.മുസ്ലിം ലീഗിന്‌ പാട്ടും പാടി ജയിക്കാൻ ഇനി ജമാ-അത്തിന്റെ വോട്ടൊന്നും വേണ്ട.പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ സ്ത്രീ സംവരണ സീറ്റിലാണ്‌ ജമാ-അത്തിന്റെ കണ്ണ്‌.യു ഡി എഫ്‌ തൂത്തു വാരാൻ പോക്കുകയാണ്‌.
എൽ ഡി എഫ്‌ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജമാ-അത്ത്‌ വോട്ട്‌ കിട്ടിയില്ലെങ്കിലും ജയിക്കുമായിരുന്നു.
ഇരു മുന്നണികളും അവരെ ഒഴിവാക്കുക.ഒരു മുന്നണിയിലും പെടാതെ നട്ടം തിരിയുമ്പോൽ അവർ ദുർബലമാകുന്നത്‌ കാണാം.അവരെ താങ്ങിയാൽ അവർക്കത്‌ തണലാകും. അത്‌ താങ്ങുന്നവർക്ക്‌ പിന്നീട്‌ പാരയാവുകയും ചെയ്യും read this http://maudoodism.blogspot.com/2010/05/blog-post_23.html

shahir chennamangallur said...

അപ്പോള്‍ പിണറായി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കണോ?... എല്ലാം ഒരോ രാഷ്ട്രീയ ചുവടുവെപ്പുകള്‍ മാത്രം എന്നതല്ലെ ശരി. ഒരോ സമയവും ഇവര്‍ക്ക് തല്ലിക്കോല്ലാന്‍ ആരെങ്കിലും വേണം. ഇപ്പോള്‍ ജമാ‌അത്തിന്റെ മേല്‍ കുതിരകയറി നോക്കുന്നു എന്നതല്ലെ വാസ്തവം ?
പിണറായി കൊല്ലത്ത് ജാതി സംഘടനകളെ പ്രീണിപ്പിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി അണികളെ പഠിപ്പിക്കുന്നത് മൈക്കിലൂടെ തന്നെ ചോര്‍ന്നത് അറിഞ്ഞില്ലെ ?

SimhaValan said...

ശ്രി ഷഹീർ
“അപ്പോള്‍ പിണറായി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലക്കെടുക്കണോ?..“

പിണറായി പറഞ കാര്യങളെക്കുറിച്ചല്ല ഈ പോസ്റ്റ്‌...ജമാ അത്തെയെക്കുറിച്ച്‌ അറിയാൻ പിണറായിയുടെ വാക്കുകൾ വേണ്ട.കുഞാലിക്കുട്ടിയുടേയൊ മുനീറിന്റെയൊ കോടിയേരിയുടേയൊ വാക്കുകൾ ആധാരമാക്കേണ്ട...!
ജമാ അത്തെ ഇത്രകാലം പടച്ചിറക്കിയ പുസ്തകങളും പ്രബോധനം പോലുള്ള വാരികകളും മതി

shahir chennamangallur said...

സിം‌ഹവാലന്‍ നല്ല രീതിയില്‍ ചര്‍ച്ചയെ സമീപിക്കുന്നതില്‍ സന്തോഷം. രാഷ്ട്രീയക്കാരുടേ കേവല അവസരവാദ സമീപങ്ങളില്‍ വിശ്വസിക്കാതെ, ഒരു സംഘടനയെ അതിന്റെ അടിസ്ഥാനത്തില്‍ പോയി പഠിക്കാനുള്ള താങ്കളുടെ സന്നദ്ധതയെ ഞാന്‍ ബഹുമാനിക്കുന്നു.
ഞാനും വായിക്കാറുണ്ട് ജമാ‌അത്തിന്റെ പ്രസിദ്ധീകരണങ്ങള്‍. എനിക്ക് ഒരിക്കല്‍ പോലും അതില്‍ നിന്ന് തെറ്റായ ഒരു സമീപനം ലഭിക്കാറില്ല. ഒരാളോടും വിദ്വേഷം ജനിപ്പിക്കുന്ന ഒന്നായി അവരുടേ പ്രസിദ്ധീകരണങ്ങള്‍ എന്നെ വഴി തെളിയിച്ചിട്ടും ഇല്ല. വളരെ നിലവാരമുള്ള ഒരു പ്രസിധ്ദീകരണമായിട്ടാണ്‌ അവ എനിക്കു അനുഭവപ്പെട്ടത്.

ഇനി സിംഹവാലന്‌ വല്ലതും കാണിക്കാനുണ്ടെങ്കില്‍ അങ്ങിനെ ഒന്ന് കാണിച്ചു തന്നാല്‍ നന്നായിരുന്നു. മറ്റു മുസ്ലിം സഹോദര സംഘടനകളിലെ വിമര്‍ശകരെ പോലെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ വാക്കുകളെ ഞാന്‍ താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല.
പിന്നെ ജനാതിപത്യം, പാര്‍ലിമെന്റ് പോലുള്ള സംഞകളോടുള്ള താത്വിക നിലപാടിനെ കുറിച്ചാണെങ്കില്‍ അത് വളരെ പ്രസക്തമാണ്‌. ജമാ‌അത്തിന്റെ നിലപാടുകള്‍ ഉള്ള പല പ്രമുഖരേയും ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മ വരുന്നു. ഗാന്ദിജി ജനാധിപത്യത്തെ താത്വികമായി വിലയിരുത്തിയത് എങ്ങിനെ എന്നും, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പാര്‍ലിമെന്റിന്റെ താത്വികമായി വിലയിരുത്തുമ്പോള്‍ ബൂര്‍ഷാ ജനാധിപത്യം എന്നും ബൂര്‍ഷ പാര്‍ലിമെന്റ് എന്നും ഉപയോഗിക്കാറുള്ളത് സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുന്നു.

SimhaValan said...

ശ്രീ ഷഹീർ
താങ്കൾക്ക്‌ താങളുടെ വീക്ഷണങളുമായി മുന്നോട്ട് പോകാം...എനിക്ക് എന്റെയും.അതിനുള്ള സ്വാതന്ത്രം മഹത്തായ ഇന്ത്യൻ ഭരണഘടന നമുക്ക്‌ നൽകുന്നുണ്ട്‌.
ഒരു പ്രസ്ഥാനത്തോടോ വ്യക്തിയോടോ അന്ധമായ ആരാധന മൂത്താൽ ചീത്ത വശങൾ ഒന്നും നമ്മുടെ കണ്ണിൽ പെടില്ല.
അത്തരം ഒരു ആവേശം കാരണമാണ് താങ്കൾ
മഹാത്മാഗാന്ധിയെ വരെ ഈ വിഷയത്തിലേക്ക്‌ വലിച്ചിഴച്ചെതെന്ന്‌ ഞാൻ കരുതുന്നു.
ജമാ അത്തെയെ ക്കുറിച്ച്‌ പറയാനുള്ള കാര്യങൾ
പോസ്റ്റിൽ പറഞുകഴിഞിട്ടുണ്ട്‌.
താത്വിക നിലപാടിന്റെ മറവിൽ താങ്കൾക്ക്‌ ന്യായീകരിക്കാൻ കഴിയുന്ന കാര്യങൾ എനിക്ക്‌ ന്യായീകരിക്കാനാകില്ല എന്ന്‌ കൂടി അറിയിക്കട്ടെ.