Powered By Blogger

Saturday, May 22, 2010

ജമ അത്തെ ഇസ്ലാമിയുടെ മുഖം മൂടികൾ അഴിച്ചുമാറ്റപ്പെടുംബോൾ..!

മുഖംമൂടികൾ സമർഥമായി ഉപയോഗിച്ച്‌ പതിറ്റാണ്ടുകൾ
കൊണ്ട്‌ പടുത്തുയർത്തിയ പ്രതിഛായ
വളരെ വേഗം കേരളീയപൊതുസമൂഹത്തിന് മുന്നിൽ
തകർന്നു വീഴുന്നതിന്റെ അന്ധാളിപ്പിലാണ്
ജമാ അത്തെ ഇസ്ലാമി ഇപ്പൊൾ.
നിലയില്ലാക്കയത്തിൽ അകപ്പെട്ടതുപോലെ പരിഭ്രാന്തിയിലായ
അവർ എല്ലാവരേയും വലിയ വായിൽ ചീത്ത വിളിച്ച്‌
സ്വയം സമാധാനിക്കാൻ ശ്രമിക്കുകയാണ്.
മുസ്ലിംലീഗും സി.പി.ഐ എമ്മും പരസ്യമായി ജമാ അത്തെയെ തള്ളിപ്പറഞു കഴിഞു.
മതരാഷ്ട്രവാദമാണ് ജമാഅത്തെയുടെ മുഖമുദ്ര എന്ന യാഥാർഥ്യം
കേരളീയ സമൂഹത്തിന് പകൽ വെളിച്ചം പോലെ ബോധ്യമായി.
മുഖമൂടികളും കപടതന്ത്രങളും വഴി ലക്ഷ്യത്തിലേക്ക്‌ അടുക്കാനുള്ള
ദീർഘകാലതന്ത്രം പൊതുസമൂഹം തിരിച്ചറിഞിരിക്കുന്നു.
സംഘപരിവാറിന്റേതുപോലെ തന്നെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും
പുറം തള്ളേണ്ടവരാണ് ജമാ അത്തെ ഇസ്ലാമി എന്ന വസ്തുത
പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരിക്കുന്നു. കേരളീയ മതബോധത്തിന്റേയും
വിവിധരാഷ്ട്രീയ പാർട്ടികളുടേ ഉത്തരവാദിത്വബോധത്തിന്റേയും
കേരളത്തിലെ സമാധാനകാംക്ഷികളായ ബഹുസ്വര സമൂഹത്തിന്റെയും
വിജയമായി പുതിയ സംഭവവികാസങളെ വിലയിരുത്താം.

ജമാ അത്തെ ഇസ്ലാമിയുടെ ആദർശങളേയും അതിന്റെ ലക്ഷ്യങളേയും
ആധാരമാക്കി പൊതുസമൂഹത്തിൽ സത്യസന്ധമായ
ഒരു ചർച്ച അവർ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല .
നാട്ടുംബുറങളിലെ കവലകളിലും ചെറിയ ഓഡിറ്റോറിയങളീലും
ജമാ അത്തെ സംഘടിപ്പിക്കാറുള്ള ബഹുമതചർച്ചകളുടെ
മോക്ക്‌ഡ്രില്ലുകൾ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്‌.
ഇത്തരം മോക്ക്‌ഡ്രില്ലുകൾ തന്നെ അവരുടെ മുഖം മൂടികളിൽ ഒന്നാണ്.
ഇസ്ലാം,ക്രിസ്ത്യൻ,ഹിന്ദു മതപ്രതിനിധികൾ പങ്കുടുക്കുന്ന മതസംവാദങൾ
എന്ന പേരിൽ വ്യാപകമായ പ്രചരണം നൽകി സംഘടിപ്പിക്കുന്ന
ചർച്ചകളിൽ ഇസ്ലാം മതത്തെ പ്രതിനിധീകരിച്ച്‌ ജമാ അത്തെയുടെ
സംസ്ഥാനതല നേതാക്കൾ പങ്കെടുക്കുംബോൾ
ഇതര വിഭാഗളെ പ്രതിനിധീകരിച്ച്‌ എത്തുന്നത്‌ ഈർക്കിൽ നേതാക്കളാണ്.
തങൾക്കെതിരെ സംസാരിക്കില്ല എന്ന് ഉറപ്പുള്ളവരെ മാത്രമേ
ജമാ അത്തെ അതിന്റെ മത ചർച്ചകളിൽ പങ്കെടിപ്പിക്കാറുള്ളൂ.
അത്തരം ഒരു സംവാദത്തിന്റെ ഫലം മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരിക്കും.
പൊതുസമൂഹത്തിന് മുൻപാകെ സ്വന്തം കാതലിൽ സ്പർശിച്ചുകൊണ്ടുള്ള
ഒരു ചർച്ച ജമാ അത്തെ താൽ‌പ്പര്യപ്പെടുന്നില്ല.
യഥാർഥ സത്വം അകത്തളങളിൽ ഒളിപ്പിച്ച്‌ പൊളിഷ്‌ ചെയ്ത്‌
സുന്ദരമാക്കിയെടുത്ത മുഖമൂടികൾ അണിഞ്‌ അവർ പൊതുസമൂഹത്തിന്
മുൻപാകെ പ്രത്യക്ഷപ്പെടുന്നു.
മുഖംമൂടികൾ അഴിഞുവീഴുംബോൾ അല്ലെങ്കിൽ വലിച്ചു മാറ്റപ്പെടുംബോൾ
ബഹുജനമധ്യത്തിൽ ഉടുതുണി നഷ്ടപ്പെട്ടവന്റെ പരിഭ്രാന്തി
നേതാക്കളുടെ മുഖത്ത്‌ കാണുന്നതിന്റെ കാരണമിതാണ്.

ജനാധിപത്യത്തെ അംഗീകരിക്കുന്നുവെന്ന്‌ കേരളത്തിലെ
ജമാ അത്തെ നേതാക്കൾക്ക്‌ ഇപ്പോൾ പൊതുസമൂഹത്തിന് മുൻപാകെ
സമ്മതിക്കേണ്ടി വന്നിരിക്കുന്നു.
അപ്പോൾ അവരുടെ അടിസ്ഥാന ആശയവും അത്യന്തികലക്ഷ്യവും ആയ
ഹുക്കുമത്തെ ഇലാഹിയെ അതായത്‌ ദൈവിക ഭരണത്തെ അവർ കൈവിട്ടോ..?
ദൈവം നേരിട്ട്‌ നൽകിയ ഖുറാനും ഹദീസുകളും ഉള്ളപ്പോൾ മനുഷ്യർ ഉണ്ടാക്കിയ
ഒരു നിയമങളും രാഷ്ട്രങളുടെ ഭരണഘടനകൾ ഉൾപ്പെടെ മുസ്ലിംങൾ അനുസരിക്കേണ്ടതില്ല.
അത്തരം അനുസരണം ദൈവനിഷേധമാകുന്നുവെന്നും അവർ വ്യാഖാനിക്കുന്നു.
മുസ്ലിങളെ മുസ്ലിങൾ മാത്രം ഭരിക്കാവൂ എന്നും ഇസ്ലാമികഭരണമില്ലാത്ത രാജ്യം
വാടകവീടാണെന്നുമാണ് ജമാ അത്തെ ഇസ്ലാമി സ്ഥാപകൻ അബൂൽ അലാ മദൂദി തന്റെ നിരവധി പുസ്തകങളിലൂടെ ആവർത്തിച്ച്‌ ആവർത്തിച്ച്‌ പറഞിരിക്കുന്നത്‌.

ഹുക്കുമത്തെ ഇലാഹി മാത്രമല്ല ജമാ അത്തെയുടേ മതരാഷ്ട്രവാദത്തേയും
കേരളത്തിലെ ജമാ അത്തെ അമീർ ഇപ്പോൾ തൽക്കാലം തള്ളിക്കളഞിരിക്കുകയാണ്.
പൊതുജനമധ്യത്തിൽ തൽക്കാലം പിടിച്ചു നിൽക്കാൻ പുതിയതും അനുയോജ്യമായതുമായ
മൃദുമുഖംമൂടികൾ അവർ അന്വേഷിക്കുന്നു.ഇസ്ലാമിക ഭരണം നിൽനിൽക്കുന്ന രാജ്യങൾ തങളുടെ കഴിവിന് അനുസരിച്ച് അയൽ രാജ്യങളേയും ആക്രമിച്ച്‌ ഇസ്ലാമികഭരണകൂടങൾ സ്ഥാപിക്കണം
എന്ന്‌ പറഞിരിക്കുന്നത്‌ മറ്റാരുമല്ല.ജമാ അത്തെ സ്ഥാപകൻ മദൂദി തന്നെയാണ്.
ജമാ അത്തെയുടെ അടിസ്ഥാനശിലകളാണ് മതരാഷ്ട്രവാദവും ദൈവികഭരണവും.
അവരുടെ പ്രസിദ്ധീകരണശാലയായ ഐ.പി.എച്ച്‌ പുറത്തിറക്കിയിട്ടുള്ള നിരവധി പുസ്തകങൾ
തന്നെ ഇതിന് തെളിവുകൾ നൽകുന്നു.
ഇപ്പോൾ പെട്ടെന്ന്‌ ഇരുമുന്നണികളും തള്ളിപ്പറഞതിനാൽ
ജമാ അത്തെ നേതാക്കൾ കേരളീയസമൂഹത്തിന് മുൻപാകെ അടവുനയങൾ പരീക്ഷിക്കുകയാണ്.
അതായത്‌ ഭാവിയിൽ പടികൾ കയറണമെങ്കിൽ ഇപ്പോൾ തൽക്കാലത്തേക്ക്‌ പടികൾ ഇറങുകയാണെന്ന്‌ ഭാവിക്കണം. അതാണ് നടന്നുകൊണ്ടിരിക്കുന്നത്‌.

ജമാഅത്തെ ഇസ്ലാമിയുടെ യഥാർഥ മുഖം അറിയണമെങ്കിൽ അവരുടെ ചരിത്രം അറിയണം.
അവിഭക്ത ഇന്ത്യയിലെ ലാഹോറിൽ 1941ൽ ആണ് അബൂൽ അലാ മദൂദി
ജമാ അത്തെ ഇസ്ലാമി എന്ന പ്രസ്ഥാനം തുടങുന്നത്‌.
ഹൈദരാബാദിൽ ജനിച്ച്‌ വളർന്ന മദൂദിക്ക്‌ പിതാവിന്റെ മരണം നിമിത്തം
സെക്കണ്ടറീ സ്കൂൾ വിദ്യാഭ്യാസ കാലത്ത്‌ തന്നെ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു.
പിന്നീട്‌ ഇസ്ലാമിക ദൈവശാ‍സ്ത്രം സ്വയം പഠിച്ചെടുത്ത അദ്ദേഹം അറബി ഇഗ്ലീഷ് ഭാഷകളിലും
പ്രാവീണ്യം നേടി.
ഉറുദു ഭാഷയിൽ അസാമാന്യ സ്വാധീനം ഉണ്ടായിരുന്ന മദൂദി
ഇസ്ലാമിക പണ്ഡിതനായി മാറുകയായിരുന്നു.
കടുത്ത ദേശീയ രാഷ്ട്ര വാദവുമായി ജർമ്മനി,ഇറ്റലി എന്നീ രാജ്യങളിൽ അക്കാലത്ത്‌
വന്ന നാസിസവും ഫാസിസവും കമ്മ്യൂണിസ്റ്റ്‌ റഷ്യ അക്കാലത്ത്‌
വൻശക്തിയായി നിലകൊണ്ടതും മദൂദിയുടെ ചിന്താധാരകളെ സ്വാധീനിച്ചിട്ടുണ്ടെന്നും
ഇവയെല്ലാം അദ്ദേഹത്തിന്റെ ഇസ്ലാമിക ദർശനത്തിന്റെ അവിഭാജ്യഘടകമായി
മാറിയതായും വിമർശകർ വിലയിരുത്തുന്നുണ്ട്‌.

ഇന്ത്യൻ ദേശിയതയേയും സ്വാതന്ത്രസമരത്തേയും അനുകൂലിച്ചിരുന്ന
മുസ്ലിം പ്രസ്ഥാനങൾക്കെതിരെ നിശിതമായ വിമർശനമാണ് അക്കാലത്ത്‌ മദൂദി നടത്തിയത്‌.
ഇന്ത്യൻ ദേശീയതയെ പിന്തുണക്കുന്നത് മത സാംസ്‌കാരിക സ്വാംശീകരണത്തിന് ഇടയാക്കുമെന്നും
ഇത്‌ ഹിന്ദൂയിസത്തിലേക്ക്‌ നയിക്കുമെന്നും മദൂദി വാദിച്ചു.
അതോടൊപ്പം മതേതര കാഴ്ചപ്പാടുണ്ടായിരുന്ന മുഹമ്മദലി ജിന്നയുടെ
പാകിസ്ഥാൻ വാദത്തേയും മദൂദി എതിർത്തു.
പാകിസ്ഥാനെ പൂർണ്ണ ഇസ്ലാമിക രാജ്യമാക്കണമെന്നായിരുനു മദൂദിയുടെ ആവശ്യം.
ഇന്ത്യാ-പാക്‌ വിഭജന കാലത്ത്‌ പാകിസ്ഥാനിലേക്ക്‌ പോകാതെ അതിർത്തി
ജില്ലയായ ഗുരുദാസ്‌പൂരിൽ ദാറുൽ ഇസ്ലാം എന്ന പേരിൽ സ്വ്വയംഭരണ പ്രദേശം ഉണ്ടാക്കി
താവളമുറപ്പിക്കാൻ നോക്കിയെങ്കിലും ഗുരുദാസ്‌പൂർ ഇന്ത്യൻ അധീനതയിലാണെന്ന്‌
പ്രഖ്യാപനം ഉണ്ടാകുകയും ഇന്ത്യൻ സൈന്യം ഗുരുദാസ്‌ പൂർ പിടിച്ചെടുക്കുകയും ചെയ്തു.
മദൂദി പ്രാണരക്ഷാർഥം പാകിസ്ഥാനിലേക്ക്‌ ഓടിപ്പോകുകയായിരുന്നു.

പാകിസ്ഥാനിൽ എത്തിയ അദ്ദേഹം ശുദ്ധ ഇസ്ലാം സ്ഥാപനത്തിന്റെ പേരിൽ
അസ്വസ്ഥതകളും അരക്ഷിതാവസ്ഥയും ഉണ്ടാക്കാൻ പല തവണ ശ്രമിച്ചു.
1953 ൽ നടന്ന രക്തരൂക്ഷിതമായ അഹമ്മദീയ വിരുദ്ധ കലാപത്തിന് നേതൃത്വം
നൽകിയത്‌ മദൂദി ആയിരുന്നു.കലാപത്തെക്കുറിച്ച്‌ അന്വേഷിച്ച പാകിസ്ഥാനിലെ
പട്ടാളകോടതി മദൂദിയെ വധശിക്ഷക്ക്‌ വിധിച്ചെങ്കിലും പിന്നീട്‌ വിട്ടയച്ചു.
അഹമദികൾകെതിരായ കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാൻ
പാകിസ്ഥാൻ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ആയിരുന്ന മുഹമ്മദ്‌ മുനീർ
അധ്യക്ഷനായ അന്വേഷണകോടതി സ്ഥാപിച്ചിരുന്നു.
മുനീർ കമ്മീഷൻ റിപ്പോർട്ട്‌ എന്ന പേരിൽ പ്രശസ്തമായ അന്വേഷണറിപ്പൊർട്ടിൽ
മദൂദിയടക്കമുള്ള മതനേതാക്കളുടെ ഭീകരവാദങൾ
അവരെ വിചാരണ ചെയ്ത്‌ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇപ്പോൾ അമേരിക്കൻ സ്വാമ്രാജ്യത്വത്തെ നിശിതമായി വിമർശിക്കുന്നുണ്ടെങ്കിലും
അമേരിക്കൻ പിന്തുണയോടെ പാകിസ്ഥാനിൽ സിയാ ഉൾ ഹക്കിന്റെ പട്ടാളഭരണകുടം
അധികാരമേറ്റതോടെയാണ് മദൂദിയും ജമാ അത്തെയും അവിടെ ശക്തിപ്രാപിക്കുന്നത്‌.
ശീതയുദ്ധകാലഘട്ടത്തിൽ തങളുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള പാകിസ്ഥാൻ
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആവാശ്യമായിരുന്നു.
ഈ ലക്ഷ്യത്തിനായി മദൂദിയുടെ തീവ്ര ഇസ്ലാം ആശയത്തെ അമേരിക്ക ഉപയോഗപ്പെടുത്തിയിട്ടുണ്ടാകണം.
താലിബാൻ അടക്കം അമേരിക്കക്ക്‌ ഇപ്പോൾ തലവേദനയായ ഭീകരസംഘടനകൾ
എല്ലാം സാമ്രാജ്യത്വതിന്റെ സൃഷ്ടിയാണെന്ന കാര്യം ഇതുമായി ചേർത്തു വായിക്കണം.
മദൂദി തന്റെ അവസാന കാലം ചിലവഴിച്ചതും അമേരിക്കയിലാണ്.
1979 സെപ്‌റ്റംബർ 22ന് അമേരിക്കയിൽ വച്ചാണ് മദൂദി അന്തരിച്ചത്‌.

പാകിസ്ഥാനിലെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥക്ക്‌
ഗണ്യമായ ഉത്തരവാദിത്വം ജമാ അത്തെക്ക്‌ ഉണ്ട്‌.
പാക്‌ മാധ്യമപ്രവർത്തകരും ചിന്തകന്മാരും ഇക്കാര്യങൾ തിരിച്ചറിഞ്‌ പ്രതികരിക്കുന്നുമുണ്ട്‌.
മുസ്ലിം തീവ്രവാദത്തിന്റെ പ്രചോദന കേന്ദ്രം എന്ന നിലയിൽ
ജമാ അത്തെ ഇസ്ലാമി ഇന്ത്യയിലേത്‌ പോലെ തന്നെ പാകിസ്ഥാനിലും വിമർശിക്കപ്പെടുന്നു.
കറാച്ചിയിൽ ഇപ്പോൾ നടക്കുന്ന വംശീയ കലാപങളിൽ വരെ
ജമാ അത്തെ ഇസ്ലാമിക്ക്‌ പങ്കുള്ളതായി മലയാള പത്രങളിൽ(22.5.10,മാതൃഭൂമി)
വരെ റീപ്പോർട്ടുകൾ വന്നിട്ടുണ്ട്‌.

സ്വാതന്ത്രലബ്ധിക്ക്‌ ശേഷം 1948ലാണ് ഇന്ത്യയിൽ ജമാ അത്തെ ഇസ്ലാമി വരുന്നത്‌.
ജമാ അത്തെ ഇസ്ലാമി ഹിന്ദ്‌ എന്നാണ് ഇന്ത്യൻ പതിപ്പിന്റെ പേര്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റെതൊരു പ്രസ്ഥാനത്തിനും ഇല്ലാത്ത
പ്രത്യേകത ഇവർക്കുണ്ട്‌.
ജമാ അത്തെ ഇസ്ലാമി ഹിന്ദിന് ഇന്ത്യൻ സംസ്ഥാനമായ
ജമ്മുകാശ്മീരിൽ പ്രവർത്തനമില്ല.പകരം അവിടെ ജമാ അത്തെ ഇസ്ലാമി കാശ്മീർ
എന്ന പാക്‌ ജമാ അത്തെയുടെ പോഷകസംഘടന പോലെയുള്ള പ്രസ്ഥാനമാണുള്ളത്‌.
വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇവർക്ക്‌ സംഘ്‌ പരിവാറിലെ
ബജ്‌രംഗ്‌ ദളിന്റെത്‌ പോലെ ഹിസ്ബുൾ മുജാഹുദ്ദീൻ എന്ന അക്രമിസേനയുണ്ട്‌.
കാശ്മീമീരിൽ സംഘർഷം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട്‌
പത്രങളിൽ കാലങളായി കുപ്രസിദ്ധി നേടി വരികയാണ് ഇവർ.
ഇത്തരം വസ്തുതകൾ എത്രകാലം സ്വർണ്ണപാത്രങൾ കൊണ്ട്‌ മൂടിവക്കാൻ കഴിയും.

കേരളത്തിൽ പഞ്ചായത്ത്‌ തെരെഞെടുപ്പ്‌ മുന്നിൽ കണ്ട്‌ മുഖമൂടികൾ
അണിഞ്‌ ജനകീയ മുന്നണി എന്ന പേരിൽ മത്സരിക്കാനാണ് ജമാ അത്തെ ഇസ്ലാമി ഒരുങുന്നത്‌.
ഇരുമുന്നണികളും തള്ളി പറഞുവെങ്കിലും അവർ തങളുടെ ശ്രമം ഉപേക്ഷിച്ചിട്ടില്ല.
യു.ഡി.എഫിനെതിരായ വിമർശനം മയപ്പെടുത്തി മുസ്ലിം കാർഡിറക്കി
സി.പി.എമ്മിനെ രൂക്ഷമായി ആക്രമിക്കുകയാണ് ജമാ അത്തെ ഇപ്പോൾ ചെയ്യുന്നത്‌.
ഇനി യു.ഡി.എഫിന്റെ കാലമാണെന്ന്‌ അവർ കരുതുന്നു.
ഇത്രയും നാൾ യു.ഡി.എഫിനെതിരെയും കോൺഗ്രസ്സിനെതിരേയും പറഞു വന്നിരുന്ന
മൃദുഹിന്ദുത്വ ആരോപണം ഇപ്പോൾ സി.പി.എമ്മിനെ ലക്ഷ്യമാക്കി തിരിച്ചു വച്ചിരിക്കുന്നു.
യുഡീഫിനെയും മുസ്ലിം ലീഗിനേയും വളരേയേറെ പ്രതീക്ഷയൊടെയാണ്
ജമാ അത്തെ നേതാക്കൾ ഇപ്പോൾ നോക്കുന്നത്‌.
എല്ലാ ബന്ധവും അവസാനിപ്പിച്ചു എന്ന്‌ കുഞാലിക്കുട്ടി പറഞിട്ടും
അക്കാര്യം സമ്മതിക്കാൻ ജമാ അത്തെ തയ്യാറാകുന്നില്ല.
തങൾക്കിടയിൽ ഇത്തരം പിണക്കങൾ പതിവാണന്ന്‌ പറഞുകൊണ്ട്‌
ഒരു കൈത്താങിനായി അവർ ലീഗിനെ നോക്കിയിരിക്കുന്നു.

ജമാ അത്തെ ഇസ്ലാമിക്കെതിരായ വിമർശനങൾ വർഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കും
എന്നാണ് അവരുടെ മറ്റൊരു തുരുപ്പ്‌ ചീട്ട്‌.
ഇത്‌ എക്കാലവും പ്രയോഗിച്ച്‌ പോന്ന ഒന്നാണ്.
ചെകുത്താൻ വേദമോതുന്നത്‌ പോലെ ഒരു ആരോപണം.
പാകിസ്ഥാനിലും ഇന്ത്യയിലും ബംഗ്ലാദേശിലും മതതീവ്രവാദത്തിന്റെ
വിത്തു മുളപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ്
വർഗ്ഗീയ ധ്രുവീകരണത്തെ പറ്റി പ്രസംഗിക്കുന്നത്‌.
മുസ്ലിങളിൽ ഒരു ചെറിയവിഭാഗത്തിന്റെ പോലും പിന്തുണ ഇല്ലാത്ത
ജമാ അത്തെക്കെതിരായ വിമർശനം ലോക മുസ്ലിങൾക്കെതിരായ
ആഗോള നീക്കത്തിന്റെ ഭാഗമാണെന്നാണ് അവർ എല്ലാക്കാലത്തെയും
പോലെ ഇപ്പോഴും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു.
ഇത്തരം നിലവിളികളിൽ മുസ്ലിം സമുദായവും കേരളസമൂഹവും വീഴില്ല.
കാരണം കള്ളനാണയങളെ തിരിച്ചറിയാൻ പൊതുജനങൾക്ക്‌ കഴിയുന്നു എന്നത്‌ തന്നെ.

Monday, May 3, 2010

കെ എം മാണിയെ പുറത്താക്കണം

പി.ജെ ജോസെഫിനേയും ടി യു കുരുവിളയേയും പോലുള്ള അഴിമതിക്കാരേയും മൃതപ്രായമായ ഒരു പാർട്ടിയേയും ബിഷപ്പുമാരുടെ താൽ‌പ്പര്യപ്രകാരം പിൻ വാതിലിലൂടെ യു.ഡി.എഫിൽ കയറ്റാൻ ശ്രമിക്കുന്ന കെ.എം മാണിയെ യു ഡി എഫിൽ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്നാണ് ഈയുള്ളവന്റെ അഭിപ്രായം.
അഴിമതിയും മതവും ചേർന്നുണ്ടാകുന്ന ഒരു ഭീകരസത്വം ഐക്യകേരളാകോൺഗ്രസ്സിന്റെ ലേബലിൽ കേരളരാഷ്ട്രീയത്തിൽ സജീവമായി മാറി ദുരന്തങൾ സൃഷ്ടിക്കാതിരിക്കാൻ ഇത്തരം ഒരു കടുത്ത നടപടീ അനിവാര്യമാണ്.

അളവറ്റ സംബത്തുള്ള സഭയും പൂർണ്ണ രാഷ്ട്രീയ അധികാരങളും ഒത്തുചേർന്നാൽ ഉണ്ടാകവുന്ന ദുരന്തങൾ പല മതരാഷ്ട്രങളും നമുക്ക് കാണിച്ചുതന്നിട്ടുണ്ട്.
ഇതിന്റെ ഒരു കേരളാപതിപ്പാണ് ഐക്യ കേരളാകോൺഗ്രസ്സിലൂടെ ഉണ്ടാകാൻ പോകുന്നത്.
അഹങ്കാരികളും അധികാര മോഹികളുമായ ചില ബിഷപ്പുമാരാണ് കേരളാകോൺഗ്രസ്സിന്റെ ഐക്യം വഴി അധികാരത്തിന്റെ വീഞ് നുണയാൻ ആർത്തിപൂണ്ട് നാക്കുനീട്ടി കാത്തിരിക്കുന്നത്.സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങളിലും ഐയ്ഡഡ് സ്ഥാപനങളിലും സർക്കാരിന്റെ നിയന്ത്രണങൾ വർദ്ധിച്ചുവരുന്ന ഒരു സാഹചര്യം കച്ചവടക്കണ്ണുള്ള ചില ബിഷപ്പുമാർക്ക് സഹിക്കുന്നില്ല.

കേന്ദ്രസർക്കാരിന്റേയും സംസ്ഥാനസർക്കാരിന്റേയും നിലപാടുകൾ തിരുത്തിക്കാൻ കഴിയുന്ന ഒരു പാർട്ടി അതാണ് ബിഷപ്പുമാരുടെ സ്വപ്നം.ഡി.എം.കെ പോലെ സ്വാധീനമുള്ള പാർട്ടി അതാണ് ബിഷപ്പുമാരുടെ ലക്ഷ്യം.പ്രാദേശികപാർട്ടി മാത്രമാണെങ്കിൽ കുഴപ്പമില്ല.പക്ഷെ അതല്ല ഇവിടെ സംഭവിക്കാൻ പോകുന്നത്.
ഈ പാർട്ടിയെ സഭ നിയന്ത്രിക്കും.അവിടെയാണ് പ്രശ്നം.

പരസ്പരം പോരടിച്ച് തെറിവിളിച്ച് നിന്നിരുന്ന നേതാക്കൾ എത്ര പെട്ടെന്ന് സ്വന്ത്വം വാക്കുകൾ വിഴുങി ഒന്നായി മാറി.ഇത്തരം നേതാക്കളെ സ്വന്തം വാക്കുകൾ മിനിറ്റിന് മാറ്റിപറയുന്ന ഇത്തരം നേതാക്കളെ എങനെ ജനം വിശ്വസിക്കും..?എന്തു ന്യായം പറഞാണ് ഇവരെയൊക്കെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ യു.ഡി.എഫിനു കഴിയുക..?

അതുകൊണ്ട് അഞ്ചോ പത്തൊ സീറ്റുകൾ മദ്ധ്യ തിരുവിതാംകൂറിൽ കുറഞാലും മാലിന്യങൾ അടിഞു കൂടിയ മാണിയെ ഉപേക്ഷിക്കുന്നത് തന്നെയായിരിക്കും യു.ഡി.എഫിന് ദീർഘകാലാടിസ്ഥാനതിൽ ഗുണം ചെയ്യുക.ഇതിനുള്ള ചങ്കൂറ്റം കേരളത്തിലേയും കേന്ദ്രത്തിലേയും കോൺഗ്രസ്സ് നേതാക്കളും ഘടകകക്ഷിനേതാക്കളും കാണിക്കണം.യു.പിയിലും ആന്ധ്രയിലും സമ്മർദ്ദങളുമായി സഖ്യത്തിന് വന്നവരെ ഒഴിവാക്കി കോൺഗ്രസ്സ് തിരെഞെടുപ്പിൽ നേട്ടമുണ്ടാക്കിയ സംഭവം കാണാതെ പോകരുത്.

Tuesday, April 13, 2010

ഇസ്ലാം-വിശ്വാസവും വിമർശനങളും

ഇസ്ലാമിനെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള ലേഖനങളും ഇസ്ലാമിനെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വാസികളുടെ മറുവാദങളും ബൂലോകത്തിൽ നിറയുന്ന സാഹചര്യത്തിൽ പുറത്തുനിന്ന് ഇസ്ലാമിനെ വീക്ഷിക്കുന്ന ഒരാൾ ഇസ്ലാമിനെ പറ്റി എന്തു കരുതണം..?മുസ്ലീങളുടെ പുണ്യ ഗ്രന്ഥമായ ഖുറാനെ അടിസ്ഥാനമാക്കിയാണ്, ഖുറാനിലെ വാക്യങൾ ഉദ്ധരിച്ചാണ് വിമർശകർ ആക്ഷേപങൾ ഉന്നയിക്കുന്നത്. വിമർശനങളെ അതേ രീതിൽ എതിർക്കാൻ അനുകൂലികളിൽ പലർക്കും കഴിയുന്നുമില്ല.അവർ പലപ്പോഴും വിഷയങളിൽ നിന്ന് മാറി ചോദ്യങൾക്ക് മറുപടി പറയാനാകാതെ വിഷമിക്കുന്നു.ഈ ഘട്ടത്തിൽ പുറത്തുനിന്ന് ഇസ്ലാമിനെ വീക്ഷിക്കുന്ന ഒരാൾ ഈ മതത്തെ പറ്റി എന്തു വിചാരിക്കണം..?

വിമർശകരുടെ വാദങൾ വിശ്വസിക്കണമോ..?

ഒരു ബഹുമത ലോകത്തിൽ ഇസ്ലാമിന്റെ നിൽ‌പ്പും അതിന്റെ പ്രതിച്ചായയും ഒരു കലഹ മതം എന്ന വിമർശകരുടെ ആക്ഷേപങൾക്ക് പിന്തുണ നൽകുന്നില്ലേ..?

1400ൽ പരം വർഷങളായി ഇവിടെ നിലനിൽക്കുന്ന ഒരു മതം നിരന്തരമായ ബലപ്രയോഗത്തിലൂടെയാണ് സ്വന്തം അസ്ഥിത്വം സ്ഥാപിച്ചെടുത്തത് എന്ന വാദം അംഗികരിക്കാൻ ചരിത്രപാഠങൾ അറിയുന്നവർക്ക് കഴിയില്ല.കാരണം ബലപ്രയോഗത്തിലൂടെ ഭൂമിയിൽ അവതരിക്കപ്പെട്ട സിദ്ധാന്തങൾ എല്ലാം അൽ‌പ്പായുസ്സുകളായി ഒടുങിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്.
എങ്കിലും നമുക്ക് ചുറ്റും നടക്കുന്ന തർക്കങൾ നമ്മെ ആശയക്കുഴപ്പത്തിൽ ആക്കുന്നു എന്ന കാര്യവും തള്ളിക്കളയാനാകില്ല.

ഈ സാഹചര്യത്തിൽ കയ്യിൽ കിട്ടിയ ഒരു പുസ്തകം ആശക്കുഴപ്പങൾ നീക്കി ഇസ്ലാമിന്റെ യഥാർഥ സന്ദേശം കാരുണ്യം തന്നെയെന്ന മുൻ ധാരണക്ക് ബലമേകി എന്ന് പറയട്ടെ.“ഹദ്‌റത്ത് മിർസാ ത്വാഹിർ അഹമ്മദ് “എഴുതിയ
“മതത്തിന്റെ പേരിൽ മനുഷ്യ ഹത്യ “
(1)എന്ന പുസ്തകമാണിത്.മതരാഷ്ട്ര തീവ്രവാദത്തിന്റെയും മതഭീകരവാദത്തിന്റെയും സിദ്ധാന്ത വൈകല്യങളെ ഇസ്ലാമിക പ്രമാണങളുടെയും ചരിത്രത്തിന്റെയും വെളിച്ചത്തിൽ ഇതിൽ വിലയിരുത്തുന്നു.ഈ പുസ്തകം മഹത്തായ ഒരു മതത്തെ എങനെയാണ് അല്പബുദ്ധികളും കലഹപ്രിയരുമായ വ്യാഖാതക്കളും മതപുരോഹിതരും സ്വന്തം സ്വാർഥതക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് എന്ന് വെളിപ്പെടുത്തുന്നു.

ഈ പുസ്തകത്തിന്റെ വെളിച്ചത്തിൽ നോക്കുംബോൾ നമുക്കും ചുറ്റും ഇസ്ലാം മതവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങൾക്ക് പ്രവാചകൻ നൽകിയ പാഠങളുമായി യാതൊരു ബന്ധവും ഇല്ലെന്ന് കാണാം.മുസ്ലിം ബ്രദർഹുഡ്,ജമാ അത്തെ ഇസ്ലാമി, തുടങിയ ഇസ്ലാമിലെ നവീകരണക്കാർ എന്നവകാശപ്പെടുന്നവരുടെ വാദങളുടെ പൊള്ളത്തരങളും ഈ പുസ്തകം അക്കമിട്ടു നിരത്തുന്നു.നവീകരണത്തിന്റെ പേരിൽ അസഹിഷ്ണതയും സംഘർഷങളും സൃഷ്ടിക്കുന്ന ഇത്തരക്കാരാണ് ഇസ്ലാം കലാപത്തിന്റെ മതമാണന്ന് വിമർശിക്കുന്നവർക്ക് അറിഞോ അറിയാതെയോ വളമേകുന്നതെന്നും പുസ്തകത്തിൽ അക്കമിട്ട് സമർഥിക്കുന്നു.

ഇസ്ലാമിനെതിരെ വിമർശകർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം ഇതാണ്

“ഇസ്ലാം കലാപത്തിന്റെ മതമാണ്.വാൾ ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ് പ്രവാചകൻ മതം പ്രചരിപ്പിച്ചത്.ഇസ്ലാമിന്റെ അന്തർദ്ധാരയായ ബലപ്രയോഗങളും അക്രമങളും കലാപങളും ആണ് ഇപ്പോഴും ഇസ്ലാമിന്റെ പേരിൽ ലോകമെംബാടും നടക്കുന്ന രക്തച്ചൊരിച്ചിലുകൾക്ക് കാരണം.“

ഈ ആക്ഷേപത്തിന് മറുപടി നൽകുന്ന വിശ്വാസികൾ തങളുടെ വൈകാരികമായ പ്രതികരണങളിലൂടെ അവരറിയാതെ ആക്ഷേപത്തെ പിന്തുണക്കുകയാണ്.

ഇവിടെ വിമർശനം ഉന്നയിക്കന്നവർ പലരും പ്രവാചകന്റെ ഖുറാനെ അല്ല
ആധാരമാക്കുന്നത്.മറിച്ച് ജമാ അത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അലാ മദൂദിയുടെ ഖുറാൻ ഭാഷ്യത്തെയാണ്.ഇതേ ഖുറാൻ ഭാഷ്യം ആധാരമാക്കിയാണ് പല വിശ്വാസികളും മറുപടി പറയുന്നതും.

വാളുകൊണ്ട് ഭീഷണിപെടുത്തി ബലം പ്രയോഗിച്ചാണ് ഈ മതം പ്രചരിപ്പിചതെന്ന് ശക്തമായി വാദിക്കുന്നവർ രണ്ട് കൂട്ടരാണ്

1)മുസ്ലിം ബ്രദർ ഹുഡ്,ജമാ അത്തെ ഇസ്ലാമി തുടങി മുസ്ലിം നവീകരണ പ്രസ്ഥാനക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ.

2)ഇസ്ല്ലാമിന്റെ ഏറ്റവും വലിയ വിമർശകരായ ഓറിയന്റലിസ്റ്റുകൾ(അറബി ഭാഷ പഠിച്ച് ഖുറാന് വിമർശന ഭാഷ്യങൾ എഴുതിയ പാശ്ചാത്യ പണ്ഡിതർ)

ഓറിയന്റലിസ്റ്റായ പ്രോഫസർ വിൽഫ്രെഡ് കാന്റ് വെഡ് സ്മിത്ത് പറയുന്നു

“മുഹമ്മദ് ഒരു കയ്യിൽ വാളും മറുകൈയിൽ ഖുർ ആനുമായി ഇസ്ലം മത പ്രചരണം നടത്തി“

ഇനി മദൂദി പറയുന്നതു കൂടി കാണുക

“അനുനയത്തിന്റെ എല്ലാ രീതികളും പരാജയപ്പെട്ടപ്പോൾ പ്രവാചകൻ വാൾ കയിലെടുത്തു.
വാൾ,അത് തിന്മയേയും ആക്രമണത്തേയും ആത്മാവിലെ കളങ്കങളേയും ഹൃദയത്തിലെ കറകളേയും വിപാടനം ചെയ്തു.
വാൾ അവരുടെ അന്ധത ഇല്ലാതാക്കി.“


വാക്കുകളിൽ വ്യത്യാസമുണ്ടെങ്കിലും വിമർശകരും മദൂദി അടക്കമുള്ള പണ്ഡിതരും പറയുന്നത് ഒന്നു തന്നെ.
വാൾ ഉപയോഗിച്ചാണ് പ്രവാചകൻ മതം പ്രചരിപ്പിച്ചതെന്ന്.

ഇവിടെ ഒരു കാര്യം വ്യക്തമാണ്.അടിക്കാൻ ഉപയോഗിക്കുന്ന അതേ വടി തന്നെ എടുത്താണ് തടുക്കാൻ ശ്രമിക്കുന്നത്.

മദൂദി തുടരുന്നു.

“മനുഷ്യ ബന്ധങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്.അതു കൊണ്ട് ഒരു രാഷ്ട്രത്തിന്റെ അയൽ രാഷ്ട്രങളൂം തങളുടെ അതേ ആദർശം സ്വീകരിക്കുന്നത് വരെ ആ രാഷ്ട്രത്തിന് അതിന്റെ സിദ്ധാന്തമനുസരിച്ച് പ്രവർത്തിക്കാൻ പൂർണ്ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതല്ല.അതിനാൽ മുസ്ലിം ഗ്ര്രൂപ്പുകൾ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയിൽ സ്ഥാപിച്ചു കൊണ്ട് അടങിയിരിക്കാൻ പാടുള്ളതല്ല.
അവരുടെ വിഭവങൾക്ക് അനുസരിച്ച് രാഷ്ട്രത്തെ നാലുപാടും വികസിപ്പിക്കാൻ ശ്രമിക്കണം.മുസ്ലികൾ ഒരു ഭാഗത്ത് ആശയപ്രചരണം നടത്തുകയും മറുഭാഗത്ത് ജനങളെ തങളുടെ ആദർശം സ്വീകരിക്കാൻ ക്ഷണിക്കുകയും വേണം.കാരണം മോക്ഷം നിലകൊള്ളുന്നത് അതിൽ മാത്രമാണ്.
അവരുടെ ഇസ്ലാമിക രാഷ്ട്രത്തിന് ശക്തിയും വിഭവവും ഉണ്ടെങ്കിൽ മറ്റ് അനിസ്ലാമിക രാഷ്ട്രങളെ യുദ്ധം ചെയ്ത് തോൽ‌പ്പിക്കേണ്ടതും അവിടെ ഇസ്ലാമിക ഭരണ കൂടം സ്ഥാപിക്കേണ്ടതും ആണ്.“

മദൂദിയുടെ ഈ വാക്കുകളുടെ അർഥവ്യാപ്തി ഭീകരമാണ്.അതായത്` ഇസ്ലാമിക രാജ്യങൾ ചുറ്റുമുള്ള അനിസ്ലാമിക രാജ്യങളെ യുദ്ധം ചെയ്ത് തോൽ‌പ്പിച്ച് അവിടെ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കണം.പാകിസ്ഥാനിലെ മതഭീകരവാദികൾ ഇന്ത്യക്ക്` നേരെ നടത്തുന്ന ഒളിയുദ്ധങൾക്ക് ഖുറാൻ പണ്ഡിതനായ മദൂദി ഇസ്ലാമിന്റെ മറവിൽ ന്യായീകരണം നൽകുകയാണ്.അല്ലെങ്കിൽ മതഭീകരവാദികൾക്ക് മദൂദിയുടെ വ്യാഖാനങൾ തങളുടെ അക്രമപ്രവർത്തനങൾക്കുള്ള ദൈവത്തിന്റെ ലൈസൻസ് ആകുകയാണ്.

ലോകമെംബാടും ഇസ്ലാമിന്റെ പേരിൽ നടക്കുന്ന രക്തച്ചൊരിച്ചിലുകൾക്ക് ഇത്തരം വ്യാഖ്യാനങൾ വളമാകുകയാണെന്ന് നിരവധി ഉദാഹരണങളിലൂടെ പുസ്തകം പറയുന്നു.
മദൂദിയുടെ മറ്റൊരു പ്രമുഖ ഉദ്ബോധനമാണ്.“ഹുക്കുമത്തെ ഇലാഹി“അതായത് ദൈവിക ഭരണം.
സ്വന്തം ഭരണമില്ലാത്ത രാജ്യം ഭൂമിയിൽ സ്ഥാപിക്കപ്പെടാത്ത സങ്കൽ‌പ്പ വീടാണന്നാണ് അദ്ദേഹം സിദ്ധാന്തിക്കുന്നത്.ഇത്തരം വാദഗതികൾ ഒരു ബഹുമത മതേതര സമൂഹത്തിൽ എത്രമാത്രം പ്രശ്നകാരണമാകും എന്ന് ചിന്തിക്കുക.

മതത്തെ അധികാരം നേടാനുള്ള മാർഗ്ഗമായി മാറ്റിയെടുക്കാൻ ഉപയോഗിച്ച കുതന്ത്രങൾ നിരവധിയാണ്.
മുസ്ലിം ഉമ്മ എന്ന പദത്തെ മുസ്ലിം പാർട്ടി എന്ന് വ്യാഖാനിച്ചാണ് മദൂദി, പ്രവാചകൻ മുസ്ലിം പാർട്ടിയുണ്ടാക്കി എന്ന് പറയുന്നത്.

മദൂദിയുടെ വാക്കുകൾ
“അറേബ്യയിൽ ആദ്യമായി മുസ്ലിം പാർട്ടി രൂപീകരിച്ച് പ്രാവർത്തികമാക്കിയ സന്ദർഭത്തിൽ പ്രവാചകനും നേർമാർഗ്ഗം പ്രാപിച്ച ഖലീഫമാരും കൈക്കൊണ്ട നിയമം ഇതായിരുന്നു.ഇതിനു ശേഷം പ്രവാചകൻ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് എല്ലാ അയൽ നാടുകളിലേക്കും സന്ദേശം അയച്ചു.പക്ഷേ ആ സന്ദേശം സ്വീകരിച്ചുവോ അതല്ല തിരസ്കരിച്ചുവൊ എന്നറിയാൻ അദ്ദേഹം കാത്തു നിന്നില്ല.ഉടനെ അദ്ദേഹം ശക്തി സംഭരിച്ച് റോമാ സാമ്രാജ്യത്തിനെതിരെ ആഞടിച്ചു.പ്രവാചകന് ശേഷം അബൂബക്കർ ആണ് പാർട്ടിയുടെ നേതാവായത്.അദ്ദേഹം റോമിനേയും പേർഷ്യയേയും ആക്രമിച്ചു.അവസാനം ഉമർ വിജയിക്കുകയും ചെയ്തു.“

മതം വിട്ടുപോകുന്നവർക്ക് മദൂദി നൽകുന്ന ശിക്ഷ കൂടി കാണുക
“നിശ്ചിത സമയപരിധിക്ക് ശേഷം(ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഒരു വർഷമാണ് സമയപരിധി)ആരെങ്കിലും ഇസ്ലാമിക വൃത്തത്തിനുള്ളിൽ നിന്നും പുറത്തു പോകാൻ ആഗ്രഹിച്ചാൽ അവർ വധിക്കപ്പെടുന്നതാണ്.കുഫറിന്റെ മടിത്തട്ടിൽ വീഴാൻ പോകുന്നവരെ ഇപ്രകാരം രക്ഷിക്കാൻ സാധിക്കും.“

മതപ്രചരണം സംബന്ധിച്ച മദൂദിയുടെ വാക്കുകൾ
“നമ്മുടെ അധികാര പരിധിയിൽ നാം യാതൊരു മുസ്ലിമിനും അവന്റെ മതം മാറ്റുവാനോ മറ്റ് മതങൾക്ക് പ്രചരണം നടത്താനോ അനുവദിക്കുന്നതല്ല.“

സംഘപരിവാറും മറ്റും ആവശ്യപ്പെടുന്നത് മതപരിവർത്തനം നിയമം മൂലം നിരോധിക്കണമെന്നാണ്.മദൂദി പറയുന്നു മതം മാറുന്നവരെ കൊല്ലണമെന്ന്.

ജനാധിപത്യത്തെ പറ്റിയുള്ള മദൂദിയൻ വീക്ഷണം
“ജനായത്ത തെരെഞെടുപ്പുകൾ പാലിൽ നിന്നും വെണ്ണ കടയുന്ന പോലെയാണ്.വിഷമയമായ പാലാണ് കടയുന്നതെങ്കിൽ വെണ്ണയും വിഷലിപ്തമായിരിക്കും.“

തന്റെ അനുനായികൾ അല്ലാത്ത മറ്റു മുസ്ലിങ്ങളെ പറ്റിയുള്ള മദൂദിയുടെ വാദം കാണുക
“ഞാൻ പാരംബര്യ ഇസ്ലാമിനെ ഗളഹസ്തം ചെയ്തിരിക്കുന്നു.ഞങൾ ഖുറാൻ വായിച്ചു.പ്രവാചന്റെ ജീവിതം വായിച്ചു.ഞാൻ ഇപ്പൊൾ ഒരു നവ മുസ്ലിം ആണ്“

ഇതു പോലുള്ള ഭാഷ്യങൾക്ക് പകരം ആത്മാർഥമായി യഥാർഥ ഖുറാനെ സമീപിച്ചാൽ കാര്യങൾ വ്യക്തമാകും.മദൂദിയുടെ രാഷ്ട്രീയ താൽ‌പ്പര്യങൾ മൂലം ഇസ്ലാമിന്റെ ചരിത്ര വ്യാഖാനങൾക്ക് അദ്ദേഹം രാഷ്ട്രീയത്തിന്റെ നിറം നൽകുകയാണെന്ന് പുസ്തകം പറയുന്നു.

കാരുണ്യത്തിന്റെ മതമായ ഇസ്ലാം ബലം പ്രയോഗിച്ചല്ല പ്രചരിപ്പിച്ചതെതെന്ന് തെളിവുകൾ സഹിതം പുസ്തകം വ്യാഖാനിക്കുന്നുണ്ട്.

“സൂഫി സന്യാസികളിലൂടെയാണ് ഇന്ത്യയിൽ പലയിടത്തും മതം പ്രചരിച്ചത്.ബംഗാളും ബംഗ്ലാദേശും ഇതിന്റെ എറ്റവും വലിയ ഉദാഹരണങളാണ്.മലേഷ്യയിലും ഇന്തോനേഷ്യയിലും ഇസ്‌ലാം സുന്ദരനായ മന്ദമാരുതനെപ്പോലെ കടന്നു വന്നു.ഒരു പടയോട്ടക്കാരനും മതപ്രചരണത്തിനായി ഇവിടെ ഒന്നും എത്തിയില്ല.
നിഷ്കളങ്കതയുടെ നിരുപമ വ്യക്തിത്വമായിരുന്ന പ്രവാചക തിരുമേനി സഹനത്തിന്റെ അത്ഭുത ദൃഷ്ടാന്തവുമാണ്.സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് അദ്ദേഹം വാളെടുത്തത്.“


പ്രവാചകൻ പറയുന്നത് കാണുക

“ഇത് ഒരു അനുസ്മരണ സന്ദേശമാണ്.അതിനാൽ വല്ലവനും ഉദ്ദേശിക്കുന്നുവെങ്കിൽ തന്റെ നാഥനിലേക്ക് അവൻ ഒരു മാർഗ്ഗം സ്വീകരിച്ചു കൊള്ളട്ടെ“

കാരുണ്യത്തിന്റെ സന്ദേശമായ ഒരു മതത്തിന് കലാപങളുടെ പരിവേഷം നൽകുന്ന വ്യാഖാനങൾക്ക് എതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്ന ഈ പുസ്തകം വായിക്കണമെന്ന് ഇസ്ലാമിന്റെ പേരിൽ ശബ്ദം ഉയർത്തുന്ന എല്ലാവരോടും അഭ്യർഥിക്കുന്നു.(പ്രസാധകർ:ഇസ്ലാം ഇന്റെർനാഷണൽ പബ്ലിക്കേഷൻസ്,ഫോർട്ട് റോഡ് കണ്ണൂർ)പുസ്തകം മലയാളത്തിലേക്ക് മൊഴി മാറ്റിയത്;എ.എം മുഹമ്മദ് സലിം.

അനുബന്ധം
(1)മതത്തിന്റെ പേരിൽ മനുഷ്യഹത്യ-എന്ന പുസ്തകം അഹ്മ്മദീയ ജമാഅത്തിന്റെ നാലാം ഖലീഫയായ ഹദ്‌റത്ത് മിർസാ താഹിർ അഹമ്മദ്‌ രചിച്ചതാണ്.
ഈ പുസ്തകത്തിന്റെ സമർപ്പണ വാചകം ശ്രദ്ധിക്കുക.
“അല്ലാഹുവിനെ ആരാധിച്ചതിന്റെ പേരിൽ, വിശുദ്ധ ഖുറാൻ പാരായണം ചെയ്തതിന്റെ പേരിൽ, ഇസ്ലാമിന്റെ വിശ്വാസ പ്രമാണമായ കലീമത്തുത്തൌഹീദ്‌ ഉച്ചരിച്ചതിന്റെ പേരിൽ, നബി തിരുമേനിയുടെ(സ) മേൽ സ്തുതി കീർത്തനം ചൊല്ലിയതിന്റെ പേരിൽ, അസ്സലാമു അലൈക്കും എന്ന സമാധാന വചനം ആശംസിച്ചതിന്റെ പേരിൽ...ജന്മാവകാശങളും പൌരാവകാശങളും നിഷേധിക്കപ്പെട്ട്‌ വധശിക്ഷയും അടിശിക്ഷയും ജയിൽ ശിക്ഷയും ഏറ്റുവാങി മുസ്ലിമായി ജീവിക്കാൻ എണ്ണിയാലൊടുങാത്ത യാതനകൾ മൂകമായി സഹിക്കുന്ന പാകിസ്ഥാനിലെ പീഡിതരും ദൈവസമർപ്പിതരുമായ അഹമദീ സഹോദരീ സഹോദർക്ക്‌ വേണ്ടി“