Powered By Blogger

Tuesday, April 13, 2010

ഇസ്ലാം-വിശ്വാസവും വിമർശനങളും

ഇസ്ലാമിനെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള ലേഖനങളും ഇസ്ലാമിനെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെ വിശ്വാസികളുടെ മറുവാദങളും ബൂലോകത്തിൽ നിറയുന്ന സാഹചര്യത്തിൽ പുറത്തുനിന്ന് ഇസ്ലാമിനെ വീക്ഷിക്കുന്ന ഒരാൾ ഇസ്ലാമിനെ പറ്റി എന്തു കരുതണം..?മുസ്ലീങളുടെ പുണ്യ ഗ്രന്ഥമായ ഖുറാനെ അടിസ്ഥാനമാക്കിയാണ്, ഖുറാനിലെ വാക്യങൾ ഉദ്ധരിച്ചാണ് വിമർശകർ ആക്ഷേപങൾ ഉന്നയിക്കുന്നത്. വിമർശനങളെ അതേ രീതിൽ എതിർക്കാൻ അനുകൂലികളിൽ പലർക്കും കഴിയുന്നുമില്ല.അവർ പലപ്പോഴും വിഷയങളിൽ നിന്ന് മാറി ചോദ്യങൾക്ക് മറുപടി പറയാനാകാതെ വിഷമിക്കുന്നു.ഈ ഘട്ടത്തിൽ പുറത്തുനിന്ന് ഇസ്ലാമിനെ വീക്ഷിക്കുന്ന ഒരാൾ ഈ മതത്തെ പറ്റി എന്തു വിചാരിക്കണം..?

വിമർശകരുടെ വാദങൾ വിശ്വസിക്കണമോ..?

ഒരു ബഹുമത ലോകത്തിൽ ഇസ്ലാമിന്റെ നിൽ‌പ്പും അതിന്റെ പ്രതിച്ചായയും ഒരു കലഹ മതം എന്ന വിമർശകരുടെ ആക്ഷേപങൾക്ക് പിന്തുണ നൽകുന്നില്ലേ..?

1400ൽ പരം വർഷങളായി ഇവിടെ നിലനിൽക്കുന്ന ഒരു മതം നിരന്തരമായ ബലപ്രയോഗത്തിലൂടെയാണ് സ്വന്തം അസ്ഥിത്വം സ്ഥാപിച്ചെടുത്തത് എന്ന വാദം അംഗികരിക്കാൻ ചരിത്രപാഠങൾ അറിയുന്നവർക്ക് കഴിയില്ല.കാരണം ബലപ്രയോഗത്തിലൂടെ ഭൂമിയിൽ അവതരിക്കപ്പെട്ട സിദ്ധാന്തങൾ എല്ലാം അൽ‌പ്പായുസ്സുകളായി ഒടുങിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്.
എങ്കിലും നമുക്ക് ചുറ്റും നടക്കുന്ന തർക്കങൾ നമ്മെ ആശയക്കുഴപ്പത്തിൽ ആക്കുന്നു എന്ന കാര്യവും തള്ളിക്കളയാനാകില്ല.

ഈ സാഹചര്യത്തിൽ കയ്യിൽ കിട്ടിയ ഒരു പുസ്തകം ആശക്കുഴപ്പങൾ നീക്കി ഇസ്ലാമിന്റെ യഥാർഥ സന്ദേശം കാരുണ്യം തന്നെയെന്ന മുൻ ധാരണക്ക് ബലമേകി എന്ന് പറയട്ടെ.“ഹദ്‌റത്ത് മിർസാ ത്വാഹിർ അഹമ്മദ് “എഴുതിയ
“മതത്തിന്റെ പേരിൽ മനുഷ്യ ഹത്യ “
(1)എന്ന പുസ്തകമാണിത്.മതരാഷ്ട്ര തീവ്രവാദത്തിന്റെയും മതഭീകരവാദത്തിന്റെയും സിദ്ധാന്ത വൈകല്യങളെ ഇസ്ലാമിക പ്രമാണങളുടെയും ചരിത്രത്തിന്റെയും വെളിച്ചത്തിൽ ഇതിൽ വിലയിരുത്തുന്നു.ഈ പുസ്തകം മഹത്തായ ഒരു മതത്തെ എങനെയാണ് അല്പബുദ്ധികളും കലഹപ്രിയരുമായ വ്യാഖാതക്കളും മതപുരോഹിതരും സ്വന്തം സ്വാർഥതക്ക് വേണ്ടി ദുരുപയോഗം ചെയ്യുന്നത് എന്ന് വെളിപ്പെടുത്തുന്നു.

ഈ പുസ്തകത്തിന്റെ വെളിച്ചത്തിൽ നോക്കുംബോൾ നമുക്കും ചുറ്റും ഇസ്ലാം മതവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങൾക്ക് പ്രവാചകൻ നൽകിയ പാഠങളുമായി യാതൊരു ബന്ധവും ഇല്ലെന്ന് കാണാം.മുസ്ലിം ബ്രദർഹുഡ്,ജമാ അത്തെ ഇസ്ലാമി, തുടങിയ ഇസ്ലാമിലെ നവീകരണക്കാർ എന്നവകാശപ്പെടുന്നവരുടെ വാദങളുടെ പൊള്ളത്തരങളും ഈ പുസ്തകം അക്കമിട്ടു നിരത്തുന്നു.നവീകരണത്തിന്റെ പേരിൽ അസഹിഷ്ണതയും സംഘർഷങളും സൃഷ്ടിക്കുന്ന ഇത്തരക്കാരാണ് ഇസ്ലാം കലാപത്തിന്റെ മതമാണന്ന് വിമർശിക്കുന്നവർക്ക് അറിഞോ അറിയാതെയോ വളമേകുന്നതെന്നും പുസ്തകത്തിൽ അക്കമിട്ട് സമർഥിക്കുന്നു.

ഇസ്ലാമിനെതിരെ വിമർശകർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം ഇതാണ്

“ഇസ്ലാം കലാപത്തിന്റെ മതമാണ്.വാൾ ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ് പ്രവാചകൻ മതം പ്രചരിപ്പിച്ചത്.ഇസ്ലാമിന്റെ അന്തർദ്ധാരയായ ബലപ്രയോഗങളും അക്രമങളും കലാപങളും ആണ് ഇപ്പോഴും ഇസ്ലാമിന്റെ പേരിൽ ലോകമെംബാടും നടക്കുന്ന രക്തച്ചൊരിച്ചിലുകൾക്ക് കാരണം.“

ഈ ആക്ഷേപത്തിന് മറുപടി നൽകുന്ന വിശ്വാസികൾ തങളുടെ വൈകാരികമായ പ്രതികരണങളിലൂടെ അവരറിയാതെ ആക്ഷേപത്തെ പിന്തുണക്കുകയാണ്.

ഇവിടെ വിമർശനം ഉന്നയിക്കന്നവർ പലരും പ്രവാചകന്റെ ഖുറാനെ അല്ല
ആധാരമാക്കുന്നത്.മറിച്ച് ജമാ അത്തെ ഇസ്ലാമി സ്ഥാപകൻ അബുൽ അലാ മദൂദിയുടെ ഖുറാൻ ഭാഷ്യത്തെയാണ്.ഇതേ ഖുറാൻ ഭാഷ്യം ആധാരമാക്കിയാണ് പല വിശ്വാസികളും മറുപടി പറയുന്നതും.

വാളുകൊണ്ട് ഭീഷണിപെടുത്തി ബലം പ്രയോഗിച്ചാണ് ഈ മതം പ്രചരിപ്പിചതെന്ന് ശക്തമായി വാദിക്കുന്നവർ രണ്ട് കൂട്ടരാണ്

1)മുസ്ലിം ബ്രദർ ഹുഡ്,ജമാ അത്തെ ഇസ്ലാമി തുടങി മുസ്ലിം നവീകരണ പ്രസ്ഥാനക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ.

2)ഇസ്ല്ലാമിന്റെ ഏറ്റവും വലിയ വിമർശകരായ ഓറിയന്റലിസ്റ്റുകൾ(അറബി ഭാഷ പഠിച്ച് ഖുറാന് വിമർശന ഭാഷ്യങൾ എഴുതിയ പാശ്ചാത്യ പണ്ഡിതർ)

ഓറിയന്റലിസ്റ്റായ പ്രോഫസർ വിൽഫ്രെഡ് കാന്റ് വെഡ് സ്മിത്ത് പറയുന്നു

“മുഹമ്മദ് ഒരു കയ്യിൽ വാളും മറുകൈയിൽ ഖുർ ആനുമായി ഇസ്ലം മത പ്രചരണം നടത്തി“

ഇനി മദൂദി പറയുന്നതു കൂടി കാണുക

“അനുനയത്തിന്റെ എല്ലാ രീതികളും പരാജയപ്പെട്ടപ്പോൾ പ്രവാചകൻ വാൾ കയിലെടുത്തു.
വാൾ,അത് തിന്മയേയും ആക്രമണത്തേയും ആത്മാവിലെ കളങ്കങളേയും ഹൃദയത്തിലെ കറകളേയും വിപാടനം ചെയ്തു.
വാൾ അവരുടെ അന്ധത ഇല്ലാതാക്കി.“


വാക്കുകളിൽ വ്യത്യാസമുണ്ടെങ്കിലും വിമർശകരും മദൂദി അടക്കമുള്ള പണ്ഡിതരും പറയുന്നത് ഒന്നു തന്നെ.
വാൾ ഉപയോഗിച്ചാണ് പ്രവാചകൻ മതം പ്രചരിപ്പിച്ചതെന്ന്.

ഇവിടെ ഒരു കാര്യം വ്യക്തമാണ്.അടിക്കാൻ ഉപയോഗിക്കുന്ന അതേ വടി തന്നെ എടുത്താണ് തടുക്കാൻ ശ്രമിക്കുന്നത്.

മദൂദി തുടരുന്നു.

“മനുഷ്യ ബന്ധങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്.അതു കൊണ്ട് ഒരു രാഷ്ട്രത്തിന്റെ അയൽ രാഷ്ട്രങളൂം തങളുടെ അതേ ആദർശം സ്വീകരിക്കുന്നത് വരെ ആ രാഷ്ട്രത്തിന് അതിന്റെ സിദ്ധാന്തമനുസരിച്ച് പ്രവർത്തിക്കാൻ പൂർണ്ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതല്ല.അതിനാൽ മുസ്ലിം ഗ്ര്രൂപ്പുകൾ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയിൽ സ്ഥാപിച്ചു കൊണ്ട് അടങിയിരിക്കാൻ പാടുള്ളതല്ല.
അവരുടെ വിഭവങൾക്ക് അനുസരിച്ച് രാഷ്ട്രത്തെ നാലുപാടും വികസിപ്പിക്കാൻ ശ്രമിക്കണം.മുസ്ലികൾ ഒരു ഭാഗത്ത് ആശയപ്രചരണം നടത്തുകയും മറുഭാഗത്ത് ജനങളെ തങളുടെ ആദർശം സ്വീകരിക്കാൻ ക്ഷണിക്കുകയും വേണം.കാരണം മോക്ഷം നിലകൊള്ളുന്നത് അതിൽ മാത്രമാണ്.
അവരുടെ ഇസ്ലാമിക രാഷ്ട്രത്തിന് ശക്തിയും വിഭവവും ഉണ്ടെങ്കിൽ മറ്റ് അനിസ്ലാമിക രാഷ്ട്രങളെ യുദ്ധം ചെയ്ത് തോൽ‌പ്പിക്കേണ്ടതും അവിടെ ഇസ്ലാമിക ഭരണ കൂടം സ്ഥാപിക്കേണ്ടതും ആണ്.“

മദൂദിയുടെ ഈ വാക്കുകളുടെ അർഥവ്യാപ്തി ഭീകരമാണ്.അതായത്` ഇസ്ലാമിക രാജ്യങൾ ചുറ്റുമുള്ള അനിസ്ലാമിക രാജ്യങളെ യുദ്ധം ചെയ്ത് തോൽ‌പ്പിച്ച് അവിടെ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കണം.പാകിസ്ഥാനിലെ മതഭീകരവാദികൾ ഇന്ത്യക്ക്` നേരെ നടത്തുന്ന ഒളിയുദ്ധങൾക്ക് ഖുറാൻ പണ്ഡിതനായ മദൂദി ഇസ്ലാമിന്റെ മറവിൽ ന്യായീകരണം നൽകുകയാണ്.അല്ലെങ്കിൽ മതഭീകരവാദികൾക്ക് മദൂദിയുടെ വ്യാഖാനങൾ തങളുടെ അക്രമപ്രവർത്തനങൾക്കുള്ള ദൈവത്തിന്റെ ലൈസൻസ് ആകുകയാണ്.

ലോകമെംബാടും ഇസ്ലാമിന്റെ പേരിൽ നടക്കുന്ന രക്തച്ചൊരിച്ചിലുകൾക്ക് ഇത്തരം വ്യാഖ്യാനങൾ വളമാകുകയാണെന്ന് നിരവധി ഉദാഹരണങളിലൂടെ പുസ്തകം പറയുന്നു.
മദൂദിയുടെ മറ്റൊരു പ്രമുഖ ഉദ്ബോധനമാണ്.“ഹുക്കുമത്തെ ഇലാഹി“അതായത് ദൈവിക ഭരണം.
സ്വന്തം ഭരണമില്ലാത്ത രാജ്യം ഭൂമിയിൽ സ്ഥാപിക്കപ്പെടാത്ത സങ്കൽ‌പ്പ വീടാണന്നാണ് അദ്ദേഹം സിദ്ധാന്തിക്കുന്നത്.ഇത്തരം വാദഗതികൾ ഒരു ബഹുമത മതേതര സമൂഹത്തിൽ എത്രമാത്രം പ്രശ്നകാരണമാകും എന്ന് ചിന്തിക്കുക.

മതത്തെ അധികാരം നേടാനുള്ള മാർഗ്ഗമായി മാറ്റിയെടുക്കാൻ ഉപയോഗിച്ച കുതന്ത്രങൾ നിരവധിയാണ്.
മുസ്ലിം ഉമ്മ എന്ന പദത്തെ മുസ്ലിം പാർട്ടി എന്ന് വ്യാഖാനിച്ചാണ് മദൂദി, പ്രവാചകൻ മുസ്ലിം പാർട്ടിയുണ്ടാക്കി എന്ന് പറയുന്നത്.

മദൂദിയുടെ വാക്കുകൾ
“അറേബ്യയിൽ ആദ്യമായി മുസ്ലിം പാർട്ടി രൂപീകരിച്ച് പ്രാവർത്തികമാക്കിയ സന്ദർഭത്തിൽ പ്രവാചകനും നേർമാർഗ്ഗം പ്രാപിച്ച ഖലീഫമാരും കൈക്കൊണ്ട നിയമം ഇതായിരുന്നു.ഇതിനു ശേഷം പ്രവാചകൻ ഇസ്ലാമിലേക്ക് ക്ഷണിച്ചു കൊണ്ട് എല്ലാ അയൽ നാടുകളിലേക്കും സന്ദേശം അയച്ചു.പക്ഷേ ആ സന്ദേശം സ്വീകരിച്ചുവോ അതല്ല തിരസ്കരിച്ചുവൊ എന്നറിയാൻ അദ്ദേഹം കാത്തു നിന്നില്ല.ഉടനെ അദ്ദേഹം ശക്തി സംഭരിച്ച് റോമാ സാമ്രാജ്യത്തിനെതിരെ ആഞടിച്ചു.പ്രവാചകന് ശേഷം അബൂബക്കർ ആണ് പാർട്ടിയുടെ നേതാവായത്.അദ്ദേഹം റോമിനേയും പേർഷ്യയേയും ആക്രമിച്ചു.അവസാനം ഉമർ വിജയിക്കുകയും ചെയ്തു.“

മതം വിട്ടുപോകുന്നവർക്ക് മദൂദി നൽകുന്ന ശിക്ഷ കൂടി കാണുക
“നിശ്ചിത സമയപരിധിക്ക് ശേഷം(ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഒരു വർഷമാണ് സമയപരിധി)ആരെങ്കിലും ഇസ്ലാമിക വൃത്തത്തിനുള്ളിൽ നിന്നും പുറത്തു പോകാൻ ആഗ്രഹിച്ചാൽ അവർ വധിക്കപ്പെടുന്നതാണ്.കുഫറിന്റെ മടിത്തട്ടിൽ വീഴാൻ പോകുന്നവരെ ഇപ്രകാരം രക്ഷിക്കാൻ സാധിക്കും.“

മതപ്രചരണം സംബന്ധിച്ച മദൂദിയുടെ വാക്കുകൾ
“നമ്മുടെ അധികാര പരിധിയിൽ നാം യാതൊരു മുസ്ലിമിനും അവന്റെ മതം മാറ്റുവാനോ മറ്റ് മതങൾക്ക് പ്രചരണം നടത്താനോ അനുവദിക്കുന്നതല്ല.“

സംഘപരിവാറും മറ്റും ആവശ്യപ്പെടുന്നത് മതപരിവർത്തനം നിയമം മൂലം നിരോധിക്കണമെന്നാണ്.മദൂദി പറയുന്നു മതം മാറുന്നവരെ കൊല്ലണമെന്ന്.

ജനാധിപത്യത്തെ പറ്റിയുള്ള മദൂദിയൻ വീക്ഷണം
“ജനായത്ത തെരെഞെടുപ്പുകൾ പാലിൽ നിന്നും വെണ്ണ കടയുന്ന പോലെയാണ്.വിഷമയമായ പാലാണ് കടയുന്നതെങ്കിൽ വെണ്ണയും വിഷലിപ്തമായിരിക്കും.“

തന്റെ അനുനായികൾ അല്ലാത്ത മറ്റു മുസ്ലിങ്ങളെ പറ്റിയുള്ള മദൂദിയുടെ വാദം കാണുക
“ഞാൻ പാരംബര്യ ഇസ്ലാമിനെ ഗളഹസ്തം ചെയ്തിരിക്കുന്നു.ഞങൾ ഖുറാൻ വായിച്ചു.പ്രവാചന്റെ ജീവിതം വായിച്ചു.ഞാൻ ഇപ്പൊൾ ഒരു നവ മുസ്ലിം ആണ്“

ഇതു പോലുള്ള ഭാഷ്യങൾക്ക് പകരം ആത്മാർഥമായി യഥാർഥ ഖുറാനെ സമീപിച്ചാൽ കാര്യങൾ വ്യക്തമാകും.മദൂദിയുടെ രാഷ്ട്രീയ താൽ‌പ്പര്യങൾ മൂലം ഇസ്ലാമിന്റെ ചരിത്ര വ്യാഖാനങൾക്ക് അദ്ദേഹം രാഷ്ട്രീയത്തിന്റെ നിറം നൽകുകയാണെന്ന് പുസ്തകം പറയുന്നു.

കാരുണ്യത്തിന്റെ മതമായ ഇസ്ലാം ബലം പ്രയോഗിച്ചല്ല പ്രചരിപ്പിച്ചതെതെന്ന് തെളിവുകൾ സഹിതം പുസ്തകം വ്യാഖാനിക്കുന്നുണ്ട്.

“സൂഫി സന്യാസികളിലൂടെയാണ് ഇന്ത്യയിൽ പലയിടത്തും മതം പ്രചരിച്ചത്.ബംഗാളും ബംഗ്ലാദേശും ഇതിന്റെ എറ്റവും വലിയ ഉദാഹരണങളാണ്.മലേഷ്യയിലും ഇന്തോനേഷ്യയിലും ഇസ്‌ലാം സുന്ദരനായ മന്ദമാരുതനെപ്പോലെ കടന്നു വന്നു.ഒരു പടയോട്ടക്കാരനും മതപ്രചരണത്തിനായി ഇവിടെ ഒന്നും എത്തിയില്ല.
നിഷ്കളങ്കതയുടെ നിരുപമ വ്യക്തിത്വമായിരുന്ന പ്രവാചക തിരുമേനി സഹനത്തിന്റെ അത്ഭുത ദൃഷ്ടാന്തവുമാണ്.സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് അദ്ദേഹം വാളെടുത്തത്.“


പ്രവാചകൻ പറയുന്നത് കാണുക

“ഇത് ഒരു അനുസ്മരണ സന്ദേശമാണ്.അതിനാൽ വല്ലവനും ഉദ്ദേശിക്കുന്നുവെങ്കിൽ തന്റെ നാഥനിലേക്ക് അവൻ ഒരു മാർഗ്ഗം സ്വീകരിച്ചു കൊള്ളട്ടെ“

കാരുണ്യത്തിന്റെ സന്ദേശമായ ഒരു മതത്തിന് കലാപങളുടെ പരിവേഷം നൽകുന്ന വ്യാഖാനങൾക്ക് എതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുന്ന ഈ പുസ്തകം വായിക്കണമെന്ന് ഇസ്ലാമിന്റെ പേരിൽ ശബ്ദം ഉയർത്തുന്ന എല്ലാവരോടും അഭ്യർഥിക്കുന്നു.(പ്രസാധകർ:ഇസ്ലാം ഇന്റെർനാഷണൽ പബ്ലിക്കേഷൻസ്,ഫോർട്ട് റോഡ് കണ്ണൂർ)പുസ്തകം മലയാളത്തിലേക്ക് മൊഴി മാറ്റിയത്;എ.എം മുഹമ്മദ് സലിം.

അനുബന്ധം
(1)മതത്തിന്റെ പേരിൽ മനുഷ്യഹത്യ-എന്ന പുസ്തകം അഹ്മ്മദീയ ജമാഅത്തിന്റെ നാലാം ഖലീഫയായ ഹദ്‌റത്ത് മിർസാ താഹിർ അഹമ്മദ്‌ രചിച്ചതാണ്.
ഈ പുസ്തകത്തിന്റെ സമർപ്പണ വാചകം ശ്രദ്ധിക്കുക.
“അല്ലാഹുവിനെ ആരാധിച്ചതിന്റെ പേരിൽ, വിശുദ്ധ ഖുറാൻ പാരായണം ചെയ്തതിന്റെ പേരിൽ, ഇസ്ലാമിന്റെ വിശ്വാസ പ്രമാണമായ കലീമത്തുത്തൌഹീദ്‌ ഉച്ചരിച്ചതിന്റെ പേരിൽ, നബി തിരുമേനിയുടെ(സ) മേൽ സ്തുതി കീർത്തനം ചൊല്ലിയതിന്റെ പേരിൽ, അസ്സലാമു അലൈക്കും എന്ന സമാധാന വചനം ആശംസിച്ചതിന്റെ പേരിൽ...ജന്മാവകാശങളും പൌരാവകാശങളും നിഷേധിക്കപ്പെട്ട്‌ വധശിക്ഷയും അടിശിക്ഷയും ജയിൽ ശിക്ഷയും ഏറ്റുവാങി മുസ്ലിമായി ജീവിക്കാൻ എണ്ണിയാലൊടുങാത്ത യാതനകൾ മൂകമായി സഹിക്കുന്ന പാകിസ്ഥാനിലെ പീഡിതരും ദൈവസമർപ്പിതരുമായ അഹമദീ സഹോദരീ സഹോദർക്ക്‌ വേണ്ടി“